
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ രൂക്ഷമാകുന്നതോടെ രാജ്യാന്തര വിപണിയില്‍ സ്വർണ വില ഔണ്‍സിന്(28.35 ഗ്രാം) നാലായിരം ഡോളർ കവിയുമെന്ന് പ്രമുഖ ധനകാര്യ അനലിസ്‌റ്റുകളായ ഫിഡിലിറ്റി പ്രവചിച്ചു.
അമേരിക്കയിലെ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയും ഉയരുന്ന നാണയപ്പെരുപ്പവും കണക്കിലെടുത്ത് ഡോളർ ദുർബലമാകുന്നതോടെ സ്വർണ വില കുതിച്ചുയരുമെന്നാണ് വിലയിരുത്തുന്നത്.
നടപ്പുവർഷം അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് ചുരുങ്ങിയത് രണ്ട് തവണ മുഖ്യ പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാരാന്ത്യത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വർണ വില ഔണ്‍സിന്(28.35 ഗ്രാം) 3,362 ഡോളറിലേക്ക് ഉയർന്നിരുന്നു. ഇതോടെ കേരളത്തില്‍ പവൻ വില നിലവില്‍ 74,320 രൂപയിലാണ്. ഗ്രാമിന്റെ വില 9,290 രൂപയിലാണ്.
രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4,000 ഡോളറിലെത്തിയാല്‍ രൂപയുടെ മൂല്യത്തില്‍ വലിയ വ്യതിയാനമുണ്ടായില്ലെങ്കില്‍ ഇന്ത്യയില്‍ സ്വർണം ഗ്രാമിന് 11,250 രൂപയും പവന് 90,000 രൂപയുമാകുമെന്ന് കണക്കാക്കുന്നു.
അടുത്ത വർഷം പകുതിയോടെ സ്വർണ വില ഔണ്‍സിന് നാലായിരം ഡോളറാകുമെന്നാണ് മറ്റൊരു ഏജൻസിയായ ഗോള്‍ഡ്മാൻ സാക്ക്‌സ് നേരത്തെ പ്രവചിച്ചിരുന്നു.