
ഡാബറിന്റെ ച്യവനപ്രാശം വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പതഞ്ജലി പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തങ്ങളുടെ ആയുര്‍വേദ ഉല്‍പ്പന്നത്തെക്കുറിച്ച് പതഞ്ജലി തെറ്റിദ്ധാരണ പരത്തുന്നു എന്ന് കാണിച്ച് ഡാബര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
രാംദേവിന്റെ വിവാദ പരസ്യം പതഞ്ജലി സ്ഥാപകന്‍ രാംദേവ് ച്യവനപ്രാശങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരു പരസ്യത്തില്‍ നിന്നാണ് വിവാദം ഉടലെടുത്തത്.
ഈ പരസ്യം അനുസരിച്ച്, പതഞ്ജലിയുടെ ച്യവനപ്രാശം മാത്രമാണ് യതാര്‍ത്ഥമെന്നും മറ്റുള്ളവയ്ക്ക് യഥാര്‍ത്ഥ ഫോര്‍മുലേഷനുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ആയുര്‍വേദ, വേദ ജ്ഞാനം ഇല്ലെന്നും പറയുന്നു.
ആയുര്‍വേദത്തെയും വേദങ്ങളെയും കുറിച്ച് അറിവില്ലാത്തവര്‍ക്ക് ചരകന്‍, സുശ്രുതന്‍, ധന്വന്തരി, ച്യവന്‍ഋഷി എന്നിവരുടെ പാരമ്പര്യത്തില്‍ എങ്ങനെ ‘യഥാര്‍ത്ഥ’ ച്യവനപ്രാശം ഉണ്ടാക്കാന്‍ കഴിയും എന്ന് പരസ്യത്തില്‍ ചോദിക്കുന്നുണ്ട്.
ഡാബറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഖില്‍ സിബല്‍, പതഞ്ജലിയുടെ അവകാശവാദങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ഡാബറിന്റെ വിപണിയിലെ സല്‍പ്പേരിന് കോട്ടം വരുത്തുകയും ചെയ്യുന്നുവെന്ന് വാദിച്ചു.
ച്യവനപ്രാശ വിപണിയില്‍ ഡാബറിന് 61.6 ശതമാനം വിഹിതമുണ്ടെന്നും ഉല്‍പ്പന്നത്തിന്റെ ആധികാരികതയെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉപഭോക്തൃ വിശ്വാസത്തെയും ബ്രാന്‍ഡ് വിശ്വാസ്യതയെയും നേരിട്ട് ബാധിക്കുമെന്നും സിബല്‍ ചൂണ്ടിക്കാട്ടി.
പതഞ്ജലിയുടെ ഫോര്‍മുലേഷന്‍ മികച്ചതാണെന്ന് തെറ്റിദ്ധാരണ പരത്തുക, ഡാബറിന്റെ ആയുര്‍വേദ കൂട്ടുകളില്‍ സംശയം ഉന്നയിക്കുക, തങ്ങളുടെ ഉല്‍പ്പന്നത്തെ താഴത്തിക്കെട്ടുക എന്നിവയാണ് പരസ്യത്തിലൂടെ പതഞ്ജലി ചെയ്യുന്നതെന്നും ഡാബര്‍ വാദിച്ചു.
ആവര്‍ത്തിക്കുന്ന നിയമപോരാട്ടം ഡാബറും പതഞ്ജലിയും തമ്മിലുള്ള ആദ്യത്തെ നിയമപോരാട്ടമല്ല ഇത്. 2017 സെപ്റ്റംബറില്‍, ഡാബറിന്റെ ച്യവനപ്രാശ പാക്കേജിംഗിന് സമാനമായ ഉല്‍പ്പന്ന രൂപകല്‍പ്പന ഉപയോഗിച്ച് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നെന്നും അപകീര്‍ത്തികരമായ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും ആരോപിച്ച് ഡാബര്‍ കോടതിയെ സമീപിച്ചിരുന്നു.