
ഉത്തരേന്ത്യയിലെ ആശുപത്രി ശൃംഖലയായ പാര്‍ക്ക് ഹോസ്‌പിറ്റല്‍സിന്റെ ഉടമകളായ പാര്‍ക്ക് മെഡി വേള്‍ഡ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഡിസംബര്‍ 10ന് ആരംഭിക്കും. ഡിസംബര്‍ 12 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
154-162 രൂപയാണ് ഇഷ്യു വില. 92 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഡിസംബര്‍ 15ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. ഡിസംബര്‍ 17ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും. 920 കോടി രൂപയാണ് പാര്‍ക്ക് മെഡി വേള്‍ഡ് ഐപിഒ വഴി സമാഹരിക്കുന്നത്.
770 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 150 കാടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടറായ ഡോ.അജിത് ഗുപ്‌ത 150 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. ഉത്തരേന്ത്യയിലെ രണ്ടാമത്തെ വലിയ ആശുപത്രി ശൃംഖല ആണ് തങ്ങളുടേത് എന്നാണ് പാര്‍ക്ക് ഹോസ്‌പിറ്റല്‍സ് അവകാശപ്പെടുന്നത്.
3000 കിടക്കകളാണ് കമ്പനിയുടെ വിവിധ ആശുപത്രികളിലായി മൊത്തമുള്ളത്. പാര്‍ക്ക് മെഡി വേള്‍ഡിന് 14 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാണുള്ളത്.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 380 കോടി രൂപ കടം തിരിച്ചടക്കുന്നതിനു വിനിയോഗിക്കും. 624.3 കോടി രൂപയാണ് കമ്പനിയുടെ മൊത്തം കടബാധ്യത.
60.5 കോടി രൂപ സബ്‌സിഡറിയായ പാര്‍ക്ക് മെഡിസിറ്റിയുടെ പുതിയ ആശുപത്രി വികസിപ്പിക്കുന്നതിനും 27.4 കോടി രൂപ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 23.3 ശതമാനം വളര്‍ച്ചയോടെ 139.1 കോടി രൂപ ലാഭമാണ് പാര്‍ക്ക് മെഡി വേള്‍ഡ് കൈവരിച്ചത്. 2024-25 സാമ്പത്തിക വര്‍ഷം സമാന കാലയലളവില്‍ 112.9 കോടി രൂപായയിരുന്നു ലാഭം.
വരുമാനം 691.5 കോടി രൂപയില്‍ നിന്നും 808.7 കോടി രൂപയായി വളര്‍ന്നു. 17 ശതമാനമാണ് വരുമാന വളര്‍ച്ച. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.





