ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

സംരംഭങ്ങൾക്ക്‌ ഇനി അതിവേഗം, അനായാസം പഞ്ചായത്ത്‌ ലൈസൻസ്‌

  • ചട്ടഭേദഗതി നിലവിൽ വന്നു

തിരുവനന്തപുരം: വീടുകളുൾപ്പെടെ പഞ്ചായത്തിൽനിന്ന്‌ നമ്പർ ലഭിച്ച കെട്ടിടങ്ങളിൽ സംരംഭങ്ങൾക്ക്‌ അനുമതി നൽകി, പഞ്ചായത്ത്‌ ചട്ടങ്ങളിൽ വരുത്തിയ മാറ്റം നിലവിൽവന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്‌ച ഇറക്കിയതായി മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2025-ലെ കേരള പഞ്ചായത്ത്‌രാജ്‌ (സംരംഭങ്ങൾക്ക്‌ ലൈസൻസ്‌ നൽകൽ) എന്ന പേരിലാണ്‌ വിജ്ഞാപനം.

കേരളത്തെ കൂടുതൽ വ്യവസായ സ‍ൗഹൃദമാക്കുന്നതും സംരംഭക മേഖലയിലും സമ്പദ്‌വ്യവസ്ഥയിലും തൊഴിൽരംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ വഴിവയ്‌ക്കുന്നതുമാണ്‌ പുതിയചട്ടം.

സംരംഭങ്ങൾക്ക്‌ അനായാസം, അതിവേഗം ലൈസൻസ്‌ ലഭ്യമാക്കാൻ ഇത്‌ സഹായിക്കും. മുനിസിപ്പൽ ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി കൊണ്ടുവരും. കെട്ടിടനിർമാണ, സിവിൽ രജിസ്‌ട്രേഷൻ ചട്ടങ്ങളിലെ പരിഷ്‌കരണം സംബന്ധിച്ച്‌ ഉടൻ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു.

അപാർട്ട്മെന്റ്‌, റെസിഡൻഷ്യൽ ഫ്ലാറ്റ്‌, ലോഡ്‌ജ്‌, ടൂറിസ്റ്റ് ഹോം, റിസോർട്ട്‌, ഹോസ്റ്റൽ തുടങ്ങിയവക്ക്‌ ഇളവ്‌ ബാധകമല്ല. റെസ്‌റ്റോറന്റ്‌, ഭക്ഷണശാല, ബാർബർ ഷോപ്പ്‌, ബ്യൂട്ടി പാർലർ തുടങ്ങിയവയ്‌ക്ക്‌ ലൈസൻസ് ഉണ്ടെങ്കിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്‌.

സംരംഭങ്ങളെ രണ്ടായി തിരിക്കും. ഒന്നാം കാറ്റഗറിയിൽ ഉൽപ്പാദന യൂണിറ്റാണ്‌. ഇതിൽ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്‌, ഗ്രീൻ യൂണിറ്റുകൾക്ക്‌ പഞ്ചായത്തിന്റെ ലൈസൻസ്‌ വേണ്ട, രജിസ്റ്റർ ചെയ്‌താൽ മതി.

റെഡ്‌, ഓറഞ്ച്‌ വിഭാഗത്തിലുള്ള യൂണിറ്റിന്‌ പഞ്ചായത്തിന്റെ അനുവാദവും സെക്രട്ടറിയുടെ ലൈസൻസുംവേണം. രണ്ടാം കാറ്റഗറിയിൽ വ്യാപാരം, വാണിജ്യം, സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന യൂണിറ്റുകൾ. ഇവയ്‌ക്ക്‌ സെക്രട്ടറിയുടെ ലൈസൻസ്‌ മതി.

വീട്ടുസംരംഭങ്ങൾക്കും ഇനി ലൈസൻസ്‌
കൊച്ചി: പഞ്ചായത്ത്‌ ചട്ടങ്ങളിൽ വരുത്തിയ മാറ്റം സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്‌ച പുറത്തിറങ്ങിയതോടെ 10 ലക്ഷത്തിൽ കുറയാത്ത മൂലധനനിക്ഷേപവും അഞ്ച്‌ എച്ച്‌പിയിൽ കുറവുള്ള യന്ത്രങ്ങളും ഉപയോഗിച്ചുള്ളതും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്‌, ഗ്രീൻ വിഭാഗത്തിൽപ്പെടുന്നതുമായ (കാറ്റഗറി ഒന്ന്‌) വീടുകളിലേതുൾപ്പെടെയുള്ള സംരംഭങ്ങൾക്ക്‌ ലൈസൻസ്‌ അനുവദിക്കും.

കാറ്റഗറി രണ്ടിൽ സംരംഭങ്ങൾക്കും കാറ്റഗറി ഒന്നിൽ മൂലധനിക്ഷേപം 10 ലക്ഷത്തിൽ കുറഞ്ഞതും അഞ്ച്‌ എച്ച്‌പിയിൽ കുറവുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്നതുമായ വൈറ്റ്‌, ഗ്രീൻ വ്യവസായങ്ങൾക്കും ഒഴിഞ്ഞ്‌ കിടക്കുന്ന, ആൾത്താമസമില്ലാത്ത വീടുകളിലും കെട്ടിടങ്ങളിലുമുള്ള മുഴുവൻ സ്ഥലവും ഉപയോഗിക്കാം. താമസസ്ഥലമെങ്കിൽ 50 ശതമാനം സ്ഥലം ഉപയോഗിക്കാം.

നിലവിൽ വീടുകളിലെ കുടിൽ വ്യവസായങ്ങൾക്കും വാണിജ്യസേവന പ്രവർത്തനങ്ങൾക്കും ലൈസൻസില്ലാത്തതിനാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഇ‍ൗ പ്രശ്‌നത്തിന്‌ ഇതോടെ പരിഹാരമാകും. സംരംഭങ്ങൾക്ക്‌ കെട്ടിടം ലഭ്യമല്ലാത്ത പ്രശ്‌നത്തിനും പരിഹാരമാകും.

വ്യവസായ പ്രദേശങ്ങളായി വ്യവസായ വകുപ്പ്‌ അംഗീകരിച്ച സ്ഥലങ്ങളിലെ സംരംഭങ്ങൾക്കും എല്ലായിടങ്ങളിലുമുള്ള വൈറ്റ്‌, ഗ്രീൻ കാറ്റഗറിയിലുള്ള വിഭാഗം ഒന്നിലെ ഉൽപ്പാദന യൂണിറ്റുകൾക്കും രജിസ്‌ട്രേഷൻ മതി, ലൈസൻസ്‌ വേണ്ട.

നടപടിയില്ലെങ്കിൽ 
ഡീംഡ്‌ ലൈസൻസ്‌
ലൈസൻസ്‌, അനുമതി അപേക്ഷകളിൽ കൃത്യസമയത്ത്‌ നടപടിയില്ലെങ്കിൽ ഡീംഡ്‌ ലൈസൻസ് ലഭിക്കും. കാറ്റഗറി രണ്ടിലെ സംരംഭത്തിനുള്ള ലൈസൻസിനോ പഞ്ചായത്തിന്റെ അനുമതി ലഭിച്ച കാറ്റഗറി ഒന്നിനുള്ള സംരംഭത്തിനുള്ള ലൈസൻസിനോ അപേക്ഷലഭിച്ചാൽ അഞ്ച്‌ ദിവസത്തിനുള്ളിൽ ലൈസൻസ്‌ നൽകണം.

കാറ്റഗറി ഒന്നിലെ സംരംഭങ്ങൾക്ക്‌ പഞ്ചായത്തിന്റെ അനുമതിക്കുള്ള അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ലൈസൻസ്‌ നൽകണം. സമയപരിധിക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ ലൈസൻസ്‌ കിട്ടിയതായി കണക്കാക്കാം.

മറ്റു പ്രധാന പരിഷ്‌കാരങ്ങൾ
● നിയമവിധേയമായ ഏതുസംരംഭത്തിനും പഞ്ചായത്തിൽനിന്ന്‌ ലൈസൻസ്‌
● മൊബൈൽ സർവീസ്‌, മൊബൈൽ റസ്‌റ്റോറന്റ്‌, ഹ‍ൗസ്‌ ബോട്ടുകൾ എന്നിവയ്‌ക്കും ലൈസൻസ്‌
● ഇരുചക്ര, മുച്ചക്രവാഹനങ്ങളിലെ സംരംഭങ്ങൾക്ക്‌ ലൈസൻസ്‌ വേണ്ട
● ലൈസൻസ്‌ ലഭിക്കുന്നതോടെ സബ്‌സിഡിക്കും വായ്‌പയ്‌ക്കും ഗ്രാന്റിനും വഴിതുറക്കും.
● ലൈസൻസിനുള്ള അപേക്ഷയ്‌ക്കൊപ്പം കൈവശാവകാശരേഖ മാത്രം മതി
● ഉൽപ്പാദന യൂണിറ്റുകൾക്ക്‌ പരിസ്ഥിതി മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയും വേണം
● ഫീസടച്ച്‌ സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്‌ സമർപ്പിച്ചാൽ മറ്റ്‌ നടപടിക്രമങ്ങളില്ലാതെ ലൈസൻസ്‌ പുതുക്കാം
● ലൈസൻസുകൾക്ക്‌ ചുരുങ്ങിയത്‌ ഒരുവർഷത്തെ കാലാവധി, ഒരുമിച്ച്‌ അഞ്ച്‌ വർഷംവരെയും എടുക്കാം
● സംരംഭകൻ മാറുമ്പോൾ പുതിയ ഉടമയുടെ പേരിലേക്ക്‌ ലൈസൻസ്‌ മാറ്റാം
● ഒരുസ്ഥലത്ത്‌, സ്ഥാപനത്തിൽ ഒന്നിലധികം ഇനങ്ങൾക്ക്‌ ലൈസൻസ്‌
● സെക്രട്ടറി നൽകുന്ന ലൈസൻസിലെ ആക്ഷേപം പരിഹരിക്കാൻ ജില്ലാതലത്തിൽ പ്രത്യേക അപ്പീൽസമിതി
● വ്യവസായസ്ഥാപനങ്ങളിലും സംരംഭങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ പരിശോധനയ്‌ക്ക്‌ നിയന്ത്രണം. കാര്യകാരണം വ്യക്തമാക്കിയ ചുമതലയിൽവരുന്ന വിഷയങ്ങളിൽ മാത്രം പരിശോധന
●ലൈസൻസ്‌ ഫീസ്‌ മൂലധനനിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ
● ഫീസ്‌ വർധനയില്ല
● സർക്കാർ നിശ്ചയിച്ച സ്ലാബിൽനിന്നുള്ള ഫീസ്‌ തദ്ദേശസ്ഥാപനത്തിന്‌ തീരുമാനിക്കാം
● ലൈസൻസ്‌, രജിസ്‌ട്രേഷൻ എന്നിവ നിരസിച്ചാൽ അപേക്ഷകന്‌ അടച്ചതുക തിരികെ
● അനുമതി അപേക്ഷ നിരസിക്കാനാകില്ല. അധികരേഖയോ വിശദീകരണമോ വാങ്ങി അനുമതി നൽകണം
●ഒന്നിലധികം പഞ്ചായത്തുകളിലായുള്ള സംരംഭത്തിന്‌, ഓഫീസ്‌ സ്ഥിതിചെയ്യുന്ന സ്ഥലത്തെ പഞ്ചായത്തിന്റെ ലൈസൻസ്‌ മതി. ഓഫീസില്ലെങ്കിൽ, കൂടുതൽ പ്രവർത്തനമേഖലയുള്ള പ്രദേശത്തെ പഞ്ചായത്തിൽനിന്ന്‌ ലൈസൻസ്‌ എടുക്കാം

X
Top