
ന്യൂഡല്‍ഹി: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കുള്ള മുന്‍ഗണന വായ്പയില്‍ വര്‍ധന.2022 നവംബറില്‍ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം അധികം വായ്പകളാണ് അനുവദിച്ചത്. മുന്‍ വര്‍ഷത്തെ സമാന മാസത്തില്‍ വെറും 1.6 ശതമാനം മാത്രമായിരുന്നു വളര്‍ച്ച.
2021 നവംബറില്‍ 12.41 ലക്ഷം കോടി രൂപയുണ്ടായിരുന്ന എംഎസ്ഇ വായ്പ 2022 നവംബറില്‍ 14.57 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2022 ഒക്ടോബറില്‍ 14.30 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ നല്‍കിയത്.
ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പയും നവംബറില്‍ 30.2 ശതമാനം വാര്‍ഷിക വര്‍ധനവ് കൈവരിച്ചു. അതേസമയം 2021 നവംബറിലെ വളര്‍ച്ച 37.8 ശതമാനമായിരുന്നു. 2021 നവംബറില്‍ 2.83 ലക്ഷം കോടി രൂപ ഇടത്തരം സംരഭങ്ങള്‍ മുന്‍ഗണന വായ്പകള്‍ നേടിയപ്പോള്‍ 2022 നവംബറില്‍ ഇത് 3.69 ലക്ഷം കോടി രൂപയായി.
2022 ഒക്ടോബറിലും 3.69 ലക്ഷം കോടി രൂപയാണ് ഇടത്തരം വായ്പ അനുവദിക്കപ്പെട്ടത്. മൊത്തം എംഎസ്എംഇ മേഖലയ്ക്ക് (ചെറുകിട,ഇടത്തരം മേഖലകള്‍ ഒരുമിച്ച്) നവംബറില്‍ നല്‍കിയ മൊത്തം ബാങ്ക് വായ്പ 18.26 ലക്ഷം കോടി രൂപയാണ് – മൊത്തം ബാങ്ക് വായ്പയായ 129.47 ലക്ഷം കോടി (ഭക്ഷ്യ, ഭക്ഷ്യേതര വായ്പ ഉള്‍ക്കൊള്ളിച്ച്്) രൂപയുടെ 14.1 ശതമാനം.
2021 നവംബറില്‍ ഇത് 111.62 ലക്ഷം കോടി രൂപയുടെ 13.6 ശതമാനമായിരുന്നു. 15.24 ലക്ഷം കോടി രൂപയാണ് മൊത്തം എംഎസ്എംഇ മേഖലയ്ക്ക് 2021 നവംബറില്‍ വായ്പയിനത്തില്‍ നല്‍കിയത്. കാര്‍ഷിക അനുബന്ധ മേഖലകള്‍ 2022 നവംബറില്‍ 16.31 ലക്ഷം കോടി രൂപ മുന്‍ഗണന വായ്പ നേടി.
2021 നവംബറിലെ 14.14 ലക്ഷം കോടി രൂപയില്‍ നിന്നുമുള്ള 15.3 ശതമാനം വര്‍ധനവാണിത്. ഭവന വായ്പയിനത്തില്‍ 6.13 ലക്ഷം കോടി രൂപയും വിദ്യാഭ്യാസ വായ്പയിനത്തില്‍ 58887 കോടി രൂപയും പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജങ്ങള്‍ക്ക് 4177 കോടി രൂപയും സാമൂഹ്യ അടിസ്ഥാനസൗകര്യവികസനത്തിന് 2394 കോടി രൂപയും കയറ്റുമതി വായ്പയായി 15506 കോടി രൂപയും 2022 നവംബറില്‍ വിതരണം ചെയ്യപ്പെട്ടു.






