
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തരായ ഓപ്പണ്‍ എഐയും, ചിപ്പ് നിര്‍മാതാക്കളായ എഎംഡിയും കൈകോര്‍ക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ആവശ്യമായ എഐ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കമ്പനികള്‍ കോടികള്‍ വിലയുള്ള കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഡാറ്റാ സെന്ററുകള്‍ക്ക് ആവശ്യമായ ഗ്രാഫിക് ചിപ്പുകള്‍ നല്‍കുക എംഎംഡി ആവും. ചിപ്പ് നിര്‍മാണ രംഗത്ത് ശക്തരായ എന്‍വിഡിയയുടെ മുഖ്യ എതിരാളിയാണ് എഎംഡി.
കരാര്‍ അനുസരിച്ച് 6ഗിഗാ വാട്ട് കംപ്യൂട്ടിങ് ശേഷിക്ക് ആവശ്യമായ വരുന്ന എഎംഡി ചിപ്പുകള്‍ ഓപ്പണ്‍ എഐ വാങ്ങും. എംഎഡിയുടെ ശക്തിയേറിയ ഗ്രാഫിക് ചിപ്പായ MI450 അടുത്തവര്‍ഷം മുതല്‍ എത്തും. നേരിട്ടോ ക്ലൗഡ് കംപ്യൂട്ടിങ് പങ്കാളികള്‍ വഴിയോ ആവും ചിപ്പുകള്‍ വാങ്ങുക. 1 ഗിഗാവാട്ട് വരുന്ന ആദ്യ ബാച്ച് ചിപ്പുകള്‍ 2026 രണ്ടാം പാദത്തോടെ വിന്യസിക്കും.
കരാറിന്റെ ഭാഗമായി എഎംഡിയില്‍ പത്ത് ശതമാനം ഓഹരി സ്വന്തമാക്കാനും ഓപ്പണ്‍ എഐക്ക് സാധിക്കും. കരാറിന് പിന്നാലെ വിപണിയില്‍ എഎംഡിയുടെ ഓഹരിയില്‍ 24% വര്‍ധനവുണ്ടായി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പരമാവധി സാധ്യതകള്‍ കണ്ടെത്താനും പ്രയോഗത്തില്‍ കൊണ്ടുവരാനും എഎംഡിയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ഈ അതിശക്തമായ ഡാറ്റാ സെന്ററിന്റെ സഹായത്തോടെ ഓപ്പണ്‍ എഐയ്ക്ക് സാധിക്കും.
ഗ്രാഫിക് ചിപ്പ് രംഗത്ത് എന്‍വിഡിയയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ കരാര്‍ ഓപ്പണ്‍ എഐയ്ക്ക് സഹായകമാവും. മറുവശത്ത് എഐ രംഗത്തെ മുന്‍നിര കമ്പനിയുമായുള്ള സഹകരണത്തിലൂടെ എന്‍വിഡിയയുമായി ഏറ്റുമുട്ടാന്‍ എഎംഡിക്ക് സാധിക്കുകയും ചെയ്യും.