
കൊച്ചി: ഓണ്‍ലൈന്‍ വഴി മരുന്ന് വാങ്ങുന്നത് നിയമാനുസൃതമല്ലെന്നും വ്യാജ മരുന്നുകളുടെ വ്യാപനത്തിന് ഇത് ഇടയാക്കിയേക്കാമെന്നും സംസ്ഥാന ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ സാജു ജോണ്‍. സംസ്ഥാനത്ത് വ്യാജ മരുന്നുകളുടെ വ്യാപനം തടയാന്‍ മരുന്ന് വ്യാപാരികളും വിതരണക്കാരും ഔഷധ നിയന്ത്രണ ബോര്‍ഡും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഔഷധ വിതരണ മേഖലയില്‍ അച്ചടക്കവും ചിട്ടയും കൊണ്ടുവരുന്നതിന് കൈകോര്‍ത്തുള്ള പ്രവര്‍ത്തനം’ എന്ന തലക്കെട്ടോടെ ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ (എകെസിഡിഎ) നടത്തിയ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ്യതയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ഔഷധ നിയന്ത്രണ വകുപ്പിന്റെ ലൈസന്‍സുള്ള കടകളില്‍ നിന്ന് മരുന്നുകള്‍ വാങ്ങണമെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സന്തോഷ് കെ മാത്യൂ പറഞ്ഞു. മരുന്ന് കമ്പനികള്‍ അംഗീകരിച്ചിട്ടുള്ള വിതരണക്കാരില്‍ നിന്ന് മാത്രമേ ഔഷധ വ്യാപാരികള്‍ മരുന്നുകള്‍ വാങ്ങാവൂ. ഇത്തരം മാര്‍ഗങ്ങളിലൂടെ വ്യാജ മരുന്നുകളുടെ വ്യാപനം തടയാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മറൈന്‍ഡ്രൈവ് താജ് ഹോട്ടലില്‍ നടന്ന സെമിനാറില്‍ എകെസിഡിഎ പ്രസിഡന്റ് എഎന്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആന്റണി തര്യന്‍, ട്രഷറര്‍ വി ആന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.






