
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 എയറോ ലൗഞ്ച്, പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ 25,000-ൽ അധികം യാത്രക്കാരാണ് സേവനം പ്രയോജനപ്പെടുത്തിയത്. 12,000 ചതുരശ്ര അടിയിൽ വ്യാപിച്ച് കിടക്കുന്ന ഈ പ്രീമിയം ലൗഞ്ച് ഒരേ സമയം 500-ൽ അധികം അതിഥികളെ സ്വീകരിക്കാനുള്ള ശേഷിയോടെയാണ് പ്രവർത്തിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളും മികച്ച അന്തരീക്ഷവുമൊരുക്കുന്ന ലൗഞ്ച്, വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ യാത്രക്കാരുടെ പ്രിയപ്പെട്ട വിശ്രമ കേന്ദ്രമായി മാറി.
യാത്രക്കാർക്ക് വൈവിധ്യമാർന്ന അനുഭവങ്ങളാണ് ലൗഞ്ച് നൽകുന്നത്. സമ്പന്നമായ ഭക്ഷണ-പാനീയ കൗണ്ടറുകളിൽ 37-ൽ അധികം വിഭവങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ് സ്റ്റേഷനുകളുമാണ് ഒരുക്കിയിരിക്കുന്നത്. യാത്രയ്ക്കിടെ വിശ്രമിക്കാനോ ജോലികൾ പൂർത്തിയാക്കാനോ ആഗ്രഹിക്കുന്നവർക്കായി ഹൈസ്പീഡ് വൈഫൈ, ബിസിനസ് മീറ്റിംഗ് മുറികൾ, കോൺഫറൻസ് സൗകര്യങ്ങൾ, സ്വകാര്യ കാബിനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുൻപ് സുഖപ്രദമായ സമയം ചെലവഴിക്കാൻ സ്പാ സൗകര്യവും 24 മണിക്കൂറും ലഭ്യമായ കോൺസിയർജ് സേവനവും യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്.
6,12,24 മണിക്കൂർ മെമ്പർഷിപ്പ് പാക്കേജുകൾ വഴി യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് സൗകര്യം ഉപയോഗിക്കാമെന്നതാണ് കൂടുതൽ ആളുകളെ ആകർഷിക്കുന്ന പ്രത്യേകത. സ്ഥിരമായി യാത്ര ചെയ്യുന്ന ബിസിനസ് യാത്രക്കാരോടൊപ്പം കുടുംബങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമായി ഇത് മാറി കഴിഞ്ഞു. ഭാവിയിൽ ലൗഞ്ച് കൂടുതൽ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. വർഷത്തിൽ 50,000-ൽ അധികം അതിഥികൾക്ക് സേവനം നൽകാനുള്ള ലക്ഷ്യത്തോടെ ഭക്ഷണ-പാനീയ സ്റ്റേഷനുകളുടെ വിപുലീകരണത്തിന് പുറമെ, കുട്ടികൾക്കായുള്ള വിനോദ സൗകര്യങ്ങൾ, പ്രീമിയം സ്വകാര്യ കാബിനുകൾ, ആരോഗ്യപരമായ സഹായങ്ങൾ എന്നിവ ഉൾപ്പെടുത്തും.
കേരളത്തിന്റെ വിമാന യാത്രാ അനുഭവം ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിൽ 0484 എയറോ ലൗഞ്ചിന്റെ പങ്ക് നിർണായകമാണ്. വിദേശത്ത് നിന്ന് വരുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും ആശ്വാസകരമായൊരു യാത്രാനുഭവം ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പാണ് ലൗഞ്ച് നടത്തുന്നത്, അന്താരാഷ്ട്ര നിലവാരത്തിൽ സേവനം നൽകാൻ പരിശീലനം നേടിയ ജീവനക്കാരുടെ സഹായത്തോടെ സ്ഥിരതയുള്ള വളർച്ച ഉറപ്പാക്കുകയാണ്.