
വി സുനിൽകുമാർ
മാനേജിങ് ഡയറക്ടർ, അസറ്റ് ഹോംസ്
ഓണം കേരളത്തിന്റെ ദേശീയോത്സവം എന്നാണല്ലോ സ്‌കൂളിലൊക്കെ നമ്മൾ പഠിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഓണത്തെ ഒരു വിശ്വോത്സവമായി കാണേണ്ട സമയമായിരിക്കുന്നു. പ്രത്യേകിച്ചും വിപണി കേന്ദ്രീകൃതമായ ഒരു ലോകക്രമത്തിൽ. എല്ലാ ഉല്പാദകരും അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി എല്ലാ അവസരങ്ങളും ഉപയോഗിക്കുന്ന ഒരു സാമ്പത്തിക ഭൂപടത്തിൽ ഓണം ഒരു ഇടം കണ്ടെത്തിയിരിക്കുന്നു എന്ന് നിസംശയം പറയാം.
നോർക്കയുടെ ഔദ്യോഗിക കണക്കനുസരിച് ലോകത്തെ 182 രാജ്യങ്ങളിൽ മലയാളികൾ ഉണ്ട്. ലോകത്തെ മറ്റൊരു ഭാഷ സംസാരിക്കുന്ന സമൂഹവും ഇത്രയധികം രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നുണ്ടാവുമെന്ന് തോന്നുന്നില്ല. ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക കണക്കനുസരിച്ചു 195 രാജ്യങ്ങളാണ് ലോകത്തുള്ളത്. ഇതിൽ 194 രാജ്യങ്ങളിൽ ഓണം ആഘോഷിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഒരു രാജ്യത്ത് മാത്രമാണ് ആഘോഷിക്കാതെയുള്ളത്. അത് ഉത്തര കൊറിയയിലാണ്.
ക്രിസ്മസ് പോലെ തന്നെ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ആഘോഷിക്കപ്പെടുന്ന ഉത്സവമായി ഓണം മാറിയിട്ടുണ്ട്. അതിന് കാരണം ഈ രാജ്യങ്ങളിലേക്കൊക്കെ മലയാളി കുടിയേറിയിട്ടുണ്ട് എന്നതാണ്. അവർ ചെല്ലുന്നിടത്തൊക്കെ നാട്ടിലെ ആചാരാനുഷ്ഠാനങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ മലയാളി ആഗ്രഹിക്കുന്നു.
കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്നും ദുബൈയിലേക്ക് യാത്ര ചെയ്യുമ്പോൾ ലോറിയിൽ ഒരു ആനയെ കൊണ്ടുപോകുന്നത് കണ്ടു. ഒറിജിനലാണെന്ന് തോന്നും. ‘മ്മടെ തൃശൂർ’ എന്നൊരു മലയാളി സംഘടന ഉണ്ടാക്കി വച്ചിരിക്കുന്നതാണ്. സംഘടനാ ഭാരവാഹിയോട് സംസാരിച്ചപ്പോൾ യാഥാർത്ഥ്യ പ്രതീതി ജനിപ്പിക്കാൻ പൂരം കഴിയുമ്പോൾ പൂരപ്പറമ്പിലുണ്ടാകുന്ന ആനപിണ്ഡത്തിന്റെ മണം കൂടി ഉണ്ടാക്കാനുളള ശ്രമത്തിലാണെന്ന് പറഞ്ഞു. മലയാളിത്തം എന്ന് പറയുന്ന മലയാളി സ്വത്വം പ്രദർശിപ്പിക്കാൻ നമ്മൾ പല രൂപത്തിൽ ശ്രമിക്കുകയാണ്.
ഈ പ്രദർശനമാണ് മാർക്കറ്റിന് ഗുണം ചെയ്യുന്നത്. സദ്യയുണ്ട് വെറുതെയിരുന്നാൽ അത് നടക്കില്ലല്ലോ. മലയാളിയുടെ സംസ്കാരം മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയപോലെ ഭക്ഷണ ശീലങ്ങളും, വസ്ത്ര ധാരണ രീതികളും അടക്കം മലയാളിത്തമുള്ള ഉല്പന്നങ്ങളുടെ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ഗ്ലോബലൈസേഷനിൽ നടക്കുന്ന പോലെ അതൊക്കെ അവർ അവതരിപ്പിച്ചു കാണിക്കുകയാണ്. ആനയെ എഴുന്നള്ളിക്കുന്നത് ഒരു എക്സിബിഷനാണ്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും, പാമ്പാടി രാജനും അടക്കം 5 ആനകൾ അവരുടെ പക്കലുണ്ട്.
ഒരു ദിവസം 10000 ദിർഹം ഒരു ആനയ്ക്ക് വാടകയുണ്ടെന്നിരിക്കട്ടെ. ആ 5 ആനകൾ ഒരുമിച്ചു നിരക്കുമ്പോൾ 50,000 ദിർഹത്തിന്റെ ബിസിനസ് അവിടെ നടക്കുകയാണ്. ഇവിടെ കച്ചവടം നടക്കുന്നത് മലയാളിത്തമുള്ള ചില കാര്യങ്ങളിലാണ്. എവിടെയൊക്കെ മലയാളിയുണ്ടോ അവിടെയൊക്കെ മലയാളിക്കും അവർ കാണിക്കുന്ന പ്രദർശനങ്ങളിലൂടെ മറ്റുള്ളവർക്കും ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുവാനും അത്തരം കാര്യങ്ങൾ അനുവർത്തിക്കുവാനുമുള്ള ഒരു അവസരം ഉണ്ടാക്കുകയാണ്. നാളെ മറ്റൊരു രാജ്യത്ത് ഒരു തെരെഞ്ഞെടുപ്പ് വിജയാഘോഷത്തിൽ ഒരു കാവടിയാട്ടം കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. കാവടി യൂറോപ്പിലും അമേരിക്കയിലും ഒക്കെ ഇരിക്കുന്നുണ്ട്.
നഴ്സിംഗ് രംഗത്ത് മലയാളികൾക്കൊരു മേധാവിത്വമുണല്ലോ. ലോകത്തെവിടെയും ഏറ്റവും മികച്ച നഴ്സിംഗ് കെയർ കൊടുക്കാൻ കഴിയുന്നവരെന്ന നിലയിൽ ഒരു കേരള നഴ്സിംഗ് ബ്രാൻഡ് വളർത്തിക്കൊണ്ടുവരാൻ നമുക്ക് കഴിയും. അതുപോലെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഓപ്പറേറ്റ് ചെയ്യപ്പെടുന്ന ധാരാളം ബായ്ക്ക് ഓഫീസുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചെലവ് കുറവ് ആണ് നമുക്ക് ഇതിൽ മുൻതൂക്കം നൽകുന്ന കാര്യം. ഇത്തരം കേരളത്തിൻ്റെ സർവീസ് ബ്രാൻഡുകളും കേരളത്തനിമയുള്ള ഉത്പന്നങ്ങളും വലിയ സാധ്യത നൽകുന്നു.എന്നാൽ കേരളത്തനിമയുള്ള ലോകോത്തര ഉത്പന്നങ്ങൾ ഏതെങ്കിലും നമുക്ക് വികസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് അത്ര ഉറപ്പില്ല. കേരളീയമായ നമുക്കാവശ്യമുള്ള ഉത്പന്നങ്ങൾ മറ്റുള്ളവരുടെ ആവശ്യത്തിലേക്ക് കൂടി കൊണ്ടുവരുന്നത് വഴി ഒരു വിപണി ഉണ്ടാക്കാൻ കഴിഞ്ഞേക്കാം.
അതുപോലെതന്നെയാണ് നൊസ്റ്റാൾജിയ. ഈ നൊസ്റ്റാൾജിയയുടെ ഭാഗമായി 184 രാജ്യങ്ങളിലുള്ള മലയാളികൾ അവരുടെ സ്വന്തം നാട്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. കൗതുകത്തിന് വേണ്ടി ഞാൻ ഈ ഓണത്തിന് ഒരു കണക്കെടുത്തു. 49 രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ അസറ്റ് ഹോംസിൻ്റെ ഫ്ലാറ്റ് എടുത്തിട്ടുണ്ട്. എൻആർകെ സ്റ്റാറ്റസിൽ ഉള്ള മലയാളികൾക്ക് ഇവിടെ ഫ്ലാറ്റ് വാങ്ങുന്നതിന് നിയമ തടസ്സങ്ങൾ ഒന്നുമില്ല. അത് അവരുടെ നൊസ്റ്റാൾജിയ ആണ്. നാട്ടിൽ ഒരു ഇടം സ്വന്തമായി ഉണ്ടാകണമെന്ന ഒരു ആഗ്രഹം. അത് കേരളത്തിലെ പ്രോപ്പർട്ടി ബിസിനസിനെ നല്ലപോലെ സഹായിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ നിയമങ്ങളൊക്കെ മാറി വിദേശ പൗരന്മാർക്ക് ഇവിടെ ഭൂമിയും കെട്ടിടവും സ്വന്തമാക്കാം എന്ന നിയമം വന്നാൽ കേരളത്തിനിമയുള്ള നാലുകെട്ടുകളും മറ്റും അവർ സ്വന്തമാക്കി കൂടെന്നില്ല.
നമ്മൾ മറ്റൊരു രാജ്യത്ത് പോയി നമ്മുടെ സംസ്കാരം നമ്മുടെ ഉൽപ്പന്നങ്ങൾ തുടങ്ങിയവ അവിടെ പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവരുമായി അസ്വാരസ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിന്റെ ചില സൂചനകൾ അയർലൻഡിലും മറ്റും കാണാം. അക്കാര്യത്തിൽ സൂക്ഷ്മശ്രദ്ധ ആവശ്യമുണ്ട്. അത് നെഗറ്റീവ് ആയി മാറാൻ ഇട കൊടുക്കരുത്. പോസിറ്റീവായ കാര്യങ്ങൾ അവതരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിൽ തകരാറൊന്നുമില്ല. കേരളത്തിന്റെയും നമ്മുടെ സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ബ്രാൻഡ് അംബാസഡർമാരായി മലയാളികൾക്ക് മാറാൻ തീർച്ചയായും കഴിയും. ഇവിടത്തുള്ള കാര്യങ്ങളെ ലോകത്തെമ്പാടും മാർക്കറ്റ് ചെയ്യാൻ നമുക്ക് സാധിക്കും. ഓണം ഗൾഫ് രാജ്യങ്ങളിലൊക്കെ രണ്ടു മാസത്തോളം നീളുന്ന ആഘോഷമായി മാറിയിട്ടുണ്ട്. ഗൾഫിൽ മലയാളിത്തം അത്ര വേരുറപ്പ് നേടിയിരിക്കുന്നതു കൊണ്ടാണ്. മറ്റ് രാജ്യങ്ങളിലേക്കും അത് പടരുകയാണ്. ഒരു വിശ്വേത്സവമായി ഓണം വളർന്നിരിക്കുന്നു.