
കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം കുതിച്ചുയർന്നു. ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള കാലയളവില്‍ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ(ഐ.ഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എല്‍), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എല്‍) എന്നിവയെല്ലാം ലാഭത്തിലും വിറ്റുവരവിലും മികച്ച നേട്ടമുണ്ടാക്കി.
രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം മുൻവർഷം ഇതേകാലയളവിനേക്കാള്‍ 4,128 ശതമാനം ഉയർന്ന് 7,610 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേകായളവില്‍ കമ്ബനി 169.58 കോടി രൂപ നഷ്ടം നേരിട്ടിരുന്നു. വരുമാനം ഇക്കാലയളവില്‍ നാല് ശതമാനം ഉയർന്ന് 2.07 ലക്ഷം കോടി രൂപയിലെത്തി. അവലോകന കാലയളവില്‍ റിഫൈനിംഗ് മാർജിൻ ബാരലിന് 6.32 ഡോളറായി ഉയർന്നതാണ് നേട്ടമായത്.
ബി.പി.സി.എല്ലിന്റെ അറ്റാദായം ഇക്കാലയളവില്‍168 ശതമാനം ഉയർന്ന് 6,442.5 കോടി രൂപയിലെത്തി. മുൻവർഷം അറ്റാദായം 2,397.23 കോടി രൂപയായിരുന്നു. വരുമാനം 3.1 ശതമാനം ഉയർന്ന് 1.22 ലക്ഷം കോടി രൂപയിലെത്തി. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം 507 ശതമാനം ഉയർന്ന് 3,830 കോടി രൂപയായി. വരുമാനം 0.82 ശതമാനം ഉയർന്ന് 1.01 ലക്ഷം കോടി രൂപയിലെത്തി.
റിഫൈനിംഗ് മാർജിനില്‍ ലോട്ടറി
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂക്കുകുത്തിയതും റഷ്യയില്‍ നിന്നും എണ്ണ ഡിസ്കൗണ്ടില്‍ ലഭിച്ചതുമാണ് സെപ്തംബർ പാദത്തില്‍ പൊതുമേഖല കമ്ബനികള്‍ക്ക് ലോട്ടറിയായത്. ദീർഘ കാലമായി ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്താത്തതും നേട്ടമായി.
എല്‍.പി.ജി നഷ്‌ടം നികത്താൻ കേന്ദ്ര സഹായം
ഗാർഹിക ഉപഭോക്താക്കള്‍ക്ക് പാചക വാതകം ഉത്പാദന ചെലവിലും കുറഞ്ഞ വിലയില്‍ വില്‍ക്കുന്നതിലുള്ള നഷ്‌ടം നികത്താൻ മൂന്ന് പൊതുമേഖല കമ്പനികള്‍ക്കുമായി കേന്ദ്ര സർക്കാർ 14,486 കോടി രൂപ സബ്സിഡി നല്‍കും.
നിക്ഷേപകർക്ക് ഇടക്കാല ലാഭ വിഹിതം(ഓഹരി ഒന്നിന്)
ബി.പി.സി.എല്‍- 7.5 രൂപ
എച്ച്.പി.സി.എല്‍- 5 രൂപ
ജൂലായ്-സെപ്തംബർ കാലയളവിലെ പ്രകടനം
കമ്പനി : അറ്റാദായം: വർദ്ധന
ഐ.ഒ.സി 7,610 കോടി രൂപ: 4,128%
ബി.പി.സി.എല്‍: 6,442.5 കോടി രൂപ: 168%
എച്ച്.പി.സി.എല്‍:3,830 കോടി രൂപ: 506.5%





