
നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളും ഗാര്‍ഹിക ജീവനക്കാരും മറ്റുമായി ആരംഭിച്ച ആദ്യകാല മലയാളി കുടിയേറ്റം അടുത്ത തലത്തിലേക്ക് കടന്നത് നഴ്സിംഗിന്റെ വരവോടെയായിരുന്നു. ആദ്യം ഗള്‍ഫിലേക്കും പിന്നീട് യുഎസിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമെല്ലാം മലയാളി നഴ്സുമാര്‍ കടന്നുചെന്നു. പ്രൊഫഷണല്‍ മികവ് കൊണ്ടും സേവന മനോഭാവം കൊണ്ടും അവര്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആയി മാറി. പാശ്ചാത്യ ലോകത്തേക്കുള്ള മലയാളി കുടിയേറ്റത്തിന് അടിസ്ഥാനമിട്ടത് നഴ്‌സിംഗ് ആയിരുന്നെന്ന് പറയാം. യുഎസിലും യുകെയിലും ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും മലയാളി നഴ്സുമാര്‍ വലിയ സാന്നിധ്യമായി മാറി. ഗള്‍ഫ് രാജ്യങ്ങളിലെ ഭൂരിഭാഗം ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളും മലയാളി സമൂഹത്തില്‍ നിന്നായി മാറി. പാശ്ചാത്യ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. യുകെ എന്‍എച്ച്എസ് ജീവനക്കാരുടെ വലിയൊരു ശതമാനം മലയാളി നഴ്സിംഗ് പ്രൊഫഷണലുകളാണ്. ജര്‍മനിയും ജപ്പാനും ഉള്‍പ്പെടെ മലയാളി നഴ്സുമാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ഗള്‍ഫിലും പാശ്ചാത്യ രാജ്യങ്ങളിലും മാത്രമല്ല ഇസ്രയേലിലും ലിബിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും സംഘര്‍ഷ മേഖലകളില്‍പ്പെട്ട രാജ്യങ്ങളിലുമൊക്കെ ആരോഗ്യ പരിപാലന മേഖലയില്‍ ശക്തമായ മലയാളി സാന്നിധ്യമുണ്ട്. നഴ്സിംഗ് കരിയറില്‍ മികവ് പ്രകടിപ്പിക്കുന്ന മലയാളി പ്രൊഫഷനലുകളില്‍ പലരും പിന്നീട് വിവിധ രാജ്യങ്ങളില്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കും ഭരണ നേതൃത്വത്തിലേക്കും എത്തുന്ന പ്രവണതയും സജീവമാണ്. ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോജന്‍ ജോസഫും ഓസ്ട്രേലിയയില്‍ സംസ്ഥാന മന്ത്രി പദവിയിലെത്തിയ ജിന്‍സണ്‍ ആന്റോ ചാള്‍സുമൊക്കെ ഉദാഹരണങ്ങള്‍.






