
ഇന്ത്യയിലെ ഏറ്റവും വലിയ ഡെപ്പോസിറ്ററി ആയ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡി (എന്‍എസ്‌ഡിഎല്‍)ന്റെ ഐപിഒ അടുത്ത മാസം നടത്തുമെന്ന് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
3000 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. ഐപിയ്‌ക്ക് കഴിഞ്ഞ ഒക്‌ടോബറില്‍ സെബിയുടെ അനുമതി ലഭിച്ചിരുന്നു. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി 5.72 കോടി നിലവിലുള്ള ഓഹരികളാണ് വില്‍ക്കുന്നത്.
ഓഹരിയുടമകളായ ഐഡിബിഐ ബാങ്ക്, എന്‍എസ്‌ഇ, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവ ഓഹരികള്‍ വിറ്റഴിക്കും. ഐപിഒ രേഖകള്‍ സമര്‍പ്പിക്കുന്ന സമയത്ത് എന്‍എസ്‌ഡിഎല്ലിലെ രണ്ട് ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് അറിയിച്ചിരുന്നു.
ഐഡിബിഐ ബാങ്കും എന്‍എസ്‌ഇയും യഥാക്രമം 26 ശതമാനവും 24 ശതമാനവും ഓഹരികളാണ് കൈവശം വെക്കുന്നത്. എസ്‌ബിഐ (അഞ്ച് ശതമാനം), യൂണിയന്‍ ബാങ്ക് (2.8 ശതമാനം), കാനറാ ബാങ്ക് (2.3 ശതമാനം) എന്നിവയാണ് മറ്റ് ഓഹരിയുടമകള്‍.
ഐഡിബിഐ ബാങ്ക് 2.22 കോടി ഓഹരികളും എന്‍എസ്‌ഇ 1.80 കോടി ഓഹരികളും യൂണിയന്‍ ബാങ്ക് 56.25 ലക്ഷം ഓഹരികളും എസ്‌ബിഐ 40 ലക്ഷം ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കും.
ബിഎസ്‌ഇയില്‍ ആയിരിക്കും എന്‍എസ്‌ഡിഎല്‍ ലിസ്റ്റ് ചെയ്യുന്നത്. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 30 ശതമാനമാണ് എന്‍എസ്‌ഡിഎല്‍ കൈവരിച്ച ലാഭവളര്‍ച്ച.
മുന്‍വര്‍ഷം സമാന കാലയളവിലെ 66.09 കോടി രൂപയില്‍ നിന്നും 85.8 കോടി രൂപയായണ് ലാഭം വളര്‍ന്നത്.