
തിരുവനന്തപുരം: വിദേശ കുടിയേറ്റം സുഗമവും സുരക്ഷിതവുമാക്കാൻ സംയോജിത നടപടികൾ സ്വീകരിക്കുവാൻ ധാരണയായി. കരട് ഓവർസീസ് മൊബിലിറ്റി ബില്ലിൽ നിർദേശങ്ങൾ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ തൊഴിൽ കുടിയേറ്റം സുഗമവും സുരക്ഷിതവുമാക്കാൻ സംയോജിത നടപടികൾ സ്വീകരിക്കുന്നതിനുള്ള ധാരണകളോടെ നോർക്ക പിഒഇ-ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവിന് അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കോൺക്ലേവിൽ റിക്രൂട്ടിംഗ് ഏജൻസികൾക്ക് പെരുമാറ്റച്ചട്ടം രൂപപ്പെടുത്തുന്നതിന്റെ ആവശ്യകത, അന്താരാഷ്ട്ര തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താനുളള കൂട്ടായ്മകൾ, സുതാര്യമായ റിക്രൂട്ട്‌മെന്റ് മാർഗ രേഖകൾ, റിക്രൂട്ട്‌മെന്റ് ഏജൻസികളും കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങളുമായുള്ള ആശയവിനിമയം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ, അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റുകളിലെ ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിനുളള നടപടികൾ എന്നിവയും ചർച്ചയായി.
വിദേശ രാജ്യങ്ങളിലെ ഭാവി തൊഴിൽ സാധ്യതകളും മേഖലകളും, ഗ്ലോബൽ വർക്ക് ഫോഴ്‌സ് ലീഡർഷിപ്പിനായുളള കേരളത്തിന്റെ ദർശനം, ഭാവി സാധ്യതകൾക്കായി കേരളത്തിൽ ടാലന്റ് ബേസ്, സുതാര്യവും ചൂഷണരഹിതവുമായ റിക്രൂട്ട്‌മെന്റ് നടപടികൾ, നയ രൂപീകരണത്തിനായുളള ഓപ്പൺ ഹൗസ് എന്നീ സെഷനുകൾ ഉൾപ്പെടുന്നതായിരുന്നു കോൺക്ലേവ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജി, മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസക്, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമ കൃഷ്ണൻ, കുടിയേറ്റ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.