
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം സ്ഥിരീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയ്ക്ക് വേണ്ടത് ലോകോത്തര നിലവാരമുള്ള വമ്പൻ ബാങ്കുകളാണെന്നും ഇതിനായി റിസർവ് ബാങ്കുമായും ബാങ്കിങ് രംഗത്തുള്ളവരുമായും ചർച്ചകൾ തുടരുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു. മുംബൈയിൽ എസ്ബിഐ ബാങ്കിങ് ആൻഡ് ഇക്കണോമിക്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ലയനത്തിലൂടെ വമ്പൻ ബാങ്കുകൾ സൃഷ്ടിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്കിനും രാജ്യത്തെ ബാങ്കുകൾക്കുമുള്ള ആശയങ്ങൾ തേടുകയാണ് ചർച്ചകളുടെ ലക്ഷ്യം. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് എണ്ണം 3 ആയി ചുരുക്കിയേക്കുമെന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 9ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തും മുൻപ് ഇന്ത്യയിൽ പൊതുമേഖലയിൽ 25ലേറെ ബാങ്കുകളുണ്ടായിരുന്നു.
പിന്നീട് വിവിധ ഘട്ടങ്ങളിലെ ലയനത്തിലൂടെ എണ്ണം 12 ആയി ചുരുക്കി. ഇവയെയും ലയിപ്പിച്ച് എണ്ണം 3-4 ആയി കുറയ്ക്കാനും അതുവഴി വമ്പൻ ബാങ്കുകളെ സൃഷ്ടിക്കാനുമാണ് കേന്ദ്രനീക്കം.
നിലവിൽ ലോകത്തെ ഏറ്റവും വലിയ 25-40 ബാങ്കുകളെടുത്താൽ ഒന്നുപോലും ഇന്ത്യയിൽ നിന്നില്ല.
ലോകത്തെ 100 വലിയ ബാങ്കുകളിൽ 47-ാം സ്ഥാനമുള്ള എസ്ബിഐയാണ് ഇന്ത്യൻ ബാങ്കുകളിൽ ഏറ്റവും മുന്നിൽ. മെഗാ ലയനത്തിലൂടെ 2 ബാങ്കുകളെയെങ്കിലും ആദ്യ 20ൽ കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മറ്റു ബാങ്കുകളെ എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിൽ ലയിപ്പിച്ചേക്കും. ഇവയ്ക്കൊപ്പം ബാങ്ക് ഓഫ് ബറോഡയെയും സ്വതന്ത്രമായി നിലനിർത്തിയേക്കും.
ഇതിനിടെ കഴിഞ്ഞദിവസം ഡൽഹിയിൽ നടന്നൊരു ചടങ്ങിൽ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ പിന്തുണച്ചും ധനമന്ത്രി നിർമല സീതാരാമൻ സംസാരിച്ചത് ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.
സ്വകാര്യവൽക്കരണമല്ല വേണ്ടതെന്നും കൂടുതൽ മൂലധന പിന്തുണ നൽകിയും ടെക്നോളജി അപ്ഡേറ്റിങ്ങിലൂടെയും പൊതുമേഖലാ ബാങ്കുകളെ ശക്തമാക്കാനാണ് ശ്രമിക്കേണ്ടതെന്നും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പ്രതികരിച്ചു.






