നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്ന് വർഷത്തിനകം 550 കോടി രൂപ ചെലവിട്ട് പുതിയ രാജ്യാന്തര ടെർമിനൽ പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
വിമാനത്താവളത്തിലെ ‘0484 എയ്റോ ലോഞ്ച്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുനഗരങ്ങളിലേക്കു സർവീസ് നടത്താൻ സഹകരണം ആവശ്യപ്പെട്ടു സമീപിച്ച എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ് എന്ന നിലയിൽ പ്രവർത്തിക്കാൻ സിയാൽ സജ്ജമാണെന്നും അതിനാവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും കൊച്ചിയിൽനിന്നു വിമാന സർവീസുകളുണ്ട്. നെടുമ്പാശേരി വഴി ഇപ്പോൾ പ്രതിവർഷം ഒരു കോടിയിലേറെ പേർ യാത്ര ചെയ്യുന്നു. അടുത്ത മൂന്നു വർഷത്തിനകം ഇത് ഒന്നേകാൽ കോടിയായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും കുറഞ്ഞ ഡെവലപ്മെന്റ് ഫീസും പാർക്കിംഗ്, ലാൻഡിംഗ് ഫീസുമാണു സിയാലിലുള്ളത്. വിമാനത്താവളത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്കു പുറമേ സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികളും സിയാലിന്റെ പ്രഫഷണൽ മികവ് ഉപയോഗപ്പെടുത്തുന്നുണ്ട്.
പശ്ചിമതീര ജലപാതയുടെ പുനരുദ്ധാരണമാണ് അവയിൽ പ്രധാനം-മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സിയാൽ ജീവനക്കാരുടെ വകയായി ഒരു കോടി രൂപയും കാർഗോ കയറ്റിറക്ക് തൊഴിലാളി സൊസൈറ്റിയുടെ വകയായി അര ലക്ഷം രൂപയും ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിയാൽ നേരത്തേ രണ്ടു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. സിയാൽ എംഡി എസ്. സുഹാസ് സ്വാഗതം പറഞ്ഞു. സിയാൽ ഡയറക്ടർമാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷൻ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, ഇ.എം. ബാബു, ഡോ. പി. മുഹമ്മദലി, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ജനപ്രതിനിധികളായ മാത്യു തോമസ്, എ.വി. സുനിൽ, വി.എം. ഷംസുദ്ദീൻ, വിജി ബിജു, ശോഭാ ഭരതൻ തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ. ജോർജ് നന്ദി പറഞ്ഞു.