
കൊച്ചി: വീണ്ടുമൊരു ദീപാവലിക്കാലം പടിവാതിലിൽ എത്തിനിൽക്കേ, കഴിഞ്ഞ ഒരുവർഷക്കാലത്ത് ഇന്ത്യൻ ഓഹരി സൂചികകൾ കുറിച്ചത് നഷ്‌ടത്തിന്റെ കണക്കുകൾ. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഐശ്വര്യവർഷമായ ‘സംവത്-2078″ലേക്ക് കഴിഞ്ഞവർഷം നവംബർ നാലിനാണ് ഇന്ത്യൻ ഓഹരികൾ ചുവടുവച്ചത്.
സംവത്-2078നോട് അനുബന്ധിച്ച് 2021 നവംബർ നാലിന് നടന്ന ‘മുഹൂർത്ത വ്യാപാരത്തിൽ” സെൻസെക്‌സ് 295 പോയിന്റ് നേട്ടത്തോടെ 60,067.62ലും നിഫ്‌റ്റി 87.60 പോയിന്റ് മുന്നേറി 17,916.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർന്ന് ഇതിനകം കനത്ത ചാഞ്ചാട്ടത്തിന് സാക്ഷിയായ സൂചികകൾ ഇപ്പോഴുള്ളത് നഷ്‌ടത്തിലാണ്. കഴിഞ്ഞവാരം സെൻസെക്‌സുള്ളത് 57,919ൽ; നിഫ്‌റ്റി 17,185ലും.
കഴിഞ്ഞ മുഹൂർത്ത വ്യാപാരം മുതൽ ഇതുവരെ സെൻസെക്‌സ് നേരിട്ടനഷ്‌ടം 2,147.65 പോയിന്റ്. നിഫ്‌റ്റിയുടേത് 731.10 പോയിന്റും. അതേസമയം, സെൻസെക്‌സിന്റെ മൊത്തം നിക്ഷേപകമൂല്യം കഴിഞ്ഞവർഷത്തെ 265 ലക്ഷം കോടി രൂപയിൽ നിന്ന് 270.28 ലക്ഷം കോടി രൂപയിലെത്തി; നേട്ടം 5.28 ലക്ഷം കോടി രൂപ.