
ഡൽഹി: കുട്ടികളുടെ ഇന്ററാക്ടീവ് എന്റർടെയ്ൻമെന്റ് കമ്പനിയായ വൈൽഡ് വർക്ക്സിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് നസാര ടെക്നോളജീസ്. യുഎസ് ആസ്ഥാനമായുള്ള വൈൽഡ് വർക്ക്സിന്റെ 100 ശതമാനം ഓഹരികൾ മുഴുവൻ പണമിടപാടിലൂടെയാണ് കമ്പനി ഏറ്റെടുക്കുന്നത്.
2021 സാമ്പത്തിക വർഷത്തെ വൈൽഡ് വർക്ക്സിന്റെ വരുമാനം 13.8 ദശലക്ഷം യുഎസ് ഡോളറായിരുന്നു. 2003-ൽ സ്ഥാപിതമായ വൈൽഡ് വർക്ക്സ്, 8-12 വയസ് പ്രായമുള്ള കുട്ടികളുടെ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏറ്റവും വിജയകരവും സ്ഥാപിതവുമായ ഗെയിം സ്റ്റുഡിയോകളിൽ ഒന്നാണ്. സ്ഥാപനത്തിന്റെ മൊബൈൽ ആപ്പുകൾ കഴിഞ്ഞ ദശകത്തിൽ 150 ദശലക്ഷത്തിലധികം കളിക്കാരെ ആകർഷിച്ചു.
അതേസമയം 100 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ വിനോദ പ്ലാറ്റ്‌ഫോമാണ് നസാര. നസാര ടെക്നോളജീസ് ലിമിറ്റഡിന് ഇന്ത്യയ്ക്ക് പുറമെ ദുബായ്, ആഫ്രിക്ക, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരികൾ 4.45 ശതമാനത്തിന്റെ നേട്ടത്തിൽ 658 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.





