
പത്തനംതിട്ട: ഒരു പതിറ്റാണ്ട് മുൻപാണ് രണ്ടര ലക്ഷം രൂപ സ്വരൂപിച്ച് പന്തളത്ത് അഞ്ചംഗ സംഘം പേപ്പർ ബാഗ് നിർമാണ് തുടങ്ങുന്നത്. അന്ന് ഇതൊരു ട്രെൻഡായിരുന്നതിനാൽ അതനുകരിച്ച ഒരു സംരംഭം മാത്രമെന്ന് പറഞ്ഞവർ ഏറെ. വൈകാതെ അവസാനിക്കുമെന്ന് കളിയാക്കിയവരും കുറവല്ല. കൂട്ടിവെച്ചതും കടം വാങ്ങിയതുമെല്ലാം ചേർത്താണ് അന്ന് മൂലധനം കണ്ടെത്തിയതും. ഒപ്പം നിന്നവർക്കും കളിയാക്കിയവർക്കുമെല്ലാം തങ്ങളുടെ നേച്ചർ ബാഗ്സ് ആൻഡ് ഫയൽസ് എന്ന സംരംഭത്തിന്റെ വിജയത്തിലൂടെ മറുപടി നല്കുകയാണ് ജയലക്ഷ്മി, സുജ, സുശീല, സുജാത, ജഗദമ്മ എന്നിവർ.
മുളമ്പുഴ വാര്‍ഡില്‍ കുടുബശ്രീ അംഗങ്ങളായ അഞ്ചംഗ സംഘത്തിന്റെ തുടക്കം പേപ്പര്‍ ബാഗിലാണെങ്കിലും ഇന്ന് വസ്ത്ര നിര്‍മാണം വരെ എത്തി നില്ക്കുകയാണവർ. 35 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള സ്ഥാപനമായി വളരാൻ സഞ്ചരിച്ച നാൾവഴികൾ ലളിതമായിരുന്നില്ലെന്ന് അവർ ഓർക്കുന്നു. കുടുംബശ്രീ സംരംഭകത്വവികസനത്തിന്റെ ഭാഗമായി പുതിയ സംരംഭകര്‍ക്ക് വൈദഗ്ദ്യ പരിശീലനം നല്‍കുന്ന ഏജന്‍സിയായും ‘നേച്ചര്‍ ബാഗ്‌സ് ആൻഡ് ഫയൽസ്’ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീയുമായി ചേര്‍ന്ന് 750 വനിതകളെ സ്വയംതൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കി. കുടുംബശ്രീ ജില്ലാ മിഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റോടെ തുണി സഞ്ചി രൂപകല്‍പന ചെയ്യുന്നതിലും മോടി പിടിപ്പിക്കുന്നതിലും തയ്യലിലുമാണ് പരിശീലനം. യൂണിറ്റിലേക്ക് ആവശ്യമായ മെഷിനറി വാങ്ങുന്നതിനും പ്രവര്‍ത്തന മൂലധനാവശ്യത്തിനും കുടുംബശ്രീ മുഖേനെ ധനസഹായമുണ്ട്.
പേപ്പര്‍, സ്‌കൂള്‍, കോളജ്, ലാപ്ടോപ് ബാഗുകള്‍, യൂണിഫോം, പലവിധ അളവുകളില്‍ വസ്ത്രങ്ങള്‍, പരിസ്ഥിതി-സൗഹൃദ തുണി ബാഗുകള്‍, ലേഡീസ് ബാഗ്, ഫയല്‍ ഫോള്‍ഡറുകള്‍, തൊപ്പികള്‍, പേഴ്സുകള്‍, ജൂട്ട് ബാഗുകള്‍ എന്നിവയാണ് പ്രധാന ഉത്പ്പന്നങ്ങള്‍. തുണി സഞ്ചിക്ക് 10 മുതല്‍ 200 രൂപ വരെയും സ്‌കൂള്‍ ബാഗിന് 350 മുതല്‍ 2000 രൂപ വരെയുമാണ് വില. നേച്ചർ ബാഗ്സ് ഓണ്‍ലൈന്‍ വിപണിയിലും സജീവമാണ്. തുണിയുടെ നിലവാരവും ചിത്രപണികളും പരിഗണിച്ചാണ് വില നിര്‍ണയം. കോറ കോട്ടണ്‍, പോളിസ്റ്റര്‍, സില്‍ക് തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ബാഗ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എറണാകുളം, ബാഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും തുണിത്തരങ്ങള്‍ ഈറോഡ്, തിരുപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്നു.
പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതിയില്‍ 2015 മുതല്‍ ആധുനിക സജ്ജീകരണത്തോടെ തുണി സഞ്ചി നിര്‍മിച്ചു നല്‍കുന്നു. തലസ്ഥാനത്ത് സംഘടിപ്പിച്ച ‘വൃത്തി കോണ്‍ക്ലേവ് 2025’ ല്‍ 18,000 ത്തോളം തുണി സഞ്ചി തയ്യാറാക്കി നല്‍കി. രൂപത്തിലും പ്രിന്റിംഗിലും ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതം ബാഗുകളും യൂണിഫോമുകളും യൂണിറ്റ് നിര്‍മിച്ചു നല്‍കും. ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് പരിശീലനം ലഭിച്ചവര്‍ക്ക് നേരിട്ടും പരോഷമായും തൊഴില്‍ നല്‍കുന്നുണ്ട്.
കഴുകി ഉണക്കി പുനരുപയോഗം സാധ്യമായതിനാല്‍ നേച്ചര്‍ ബാഗ്സിന് ആവശ്യക്കാർ ഏറെയാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഹരിത കര്‍മ സേനാംഗങ്ങള്‍, നേഴ്‌സുമാര്‍, ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍, കഫേ കുടുംബശ്രീ എന്നിവര്‍ക്കായുള്ള യൂണിഫോമും നിര്‍മിച്ചു നല്‍കുന്നുണ്ട്. സംരംഭത്തിന്റെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് വിവിധ ബഹുമതികളും ലഭിച്ചു. 2018 ല്‍ സംസ്ഥാനതലത്തില്‍ മികച്ച പരിസ്ഥിതി സൗഹാര്‍ദ യൂണിറ്റ്, 2019 ല്‍ ജില്ലയിലെ മികച്ച കൂടുംബശ്രീ യൂണിറ്റ്, 2015 മുതല്‍ 2017 വരെ മുന്‍സിപ്പാലിറ്റി തലത്തില്‍ മികച്ച യൂണിറ്റ് എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.
തുണി സഞ്ചി സംസ്‌കാരം കൂടുതല്‍ വ്യാപിക്കുന്നതിനുള്ള കര്‍മ പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് കുടംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില പറഞ്ഞു. വനിതകളുടെ സാമൂഹിക ജീവിതത്തിന് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. തൊഴില്‍ രഹിതരായ നിരവധി വീട്ടമ്മമാര്‍ക്ക് ഉപജീവനം മാര്‍ഗമാണ് ഇത്തരം സംരംഭങ്ങളിലൂടെ ഒരുക്കുന്നതെന്നും ആദില കൂട്ടിച്ചേര്‍ത്തു.