
വിപണി പ്രവേശനത്തിനൊരുങ്ങി ദേശീയ പാത അതോറിറ്റി. 10,000 കോടി രൂപയുടെ ഇന്‍വിറ്റ് ഐപിഒ നടത്തുമെന്ന് റിപ്പോര്‍ട്ട്.
ഇന്‍വിറ്റ് ഐപിഒയ്ക്കായി ദേശീയ പാത അതോറിറ്റി നിയമ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. റോഡ് പദ്ധതികളുടെ നടത്തിപ്പിനുള്ള ഫണ്ട് സമാഹരണമാണ് ഐപിഒയുടെ ലക്ഷ്യം. അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധപ്പെട്ട് നടക്കാന്‍ പോവുന്ന ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പന ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ദേശീയ പാത അതോറിറ്റി ഇന്‍വിറ്റുമായി രംഗത്ത് എത്തുമെന്ന് കേന്ദ്ര റോഡ്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ചെറുകിട നിക്ഷേപകര്‍ക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.
പദ്ധതിയുടെ ഭാഗമായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളെ ഉടന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യും. ഇതുവഴി റീട്ടെയില്‍ നിക്ഷേപകര്‍ക്ക് യൂണിറ്റുകള്‍ വ്യാപാരം ചെയ്യാന്‍ കഴിയും.
ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ അഥവ ഇന്‍വിറ്റ് എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളുടെ മാതൃകയിലുള്ള സാമ്പത്തിക ഉപകരണങ്ങളാണ്. നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കാനും, ആസ്തികളില്‍ നിക്ഷേപിക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.