
കോഴിക്കോട്: സമഗ്ര പൊതുവിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായ നടക്കാവ് സ്‌കൂള്‍ മോഡല്‍ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിച്ച് ഫൈസല്‍ ആൻഡ് ഷബാന ഫൗണ്ടേഷന്‍. ഇതിന്റെ ഭാഗമായി ശ്രീനഗറിലെ കൊത്തിബാഗ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെഇഎഫ് ഹോള്‍ഡിംഗ്സ് ചെയര്‍മാനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സ്ഥാപകരായ ഫൈസല്‍ കൊട്ടിക്കോളനും ഷബാന ഫൈസലും ചേര്‍ന്ന് നിര്‍വഹിച്ചു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്ഹ മുഖ്യാതിഥിയായി. സ്‌കൂളില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. ഈ പദ്ധതി ജമ്മു കശ്മീരിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസനത്തിനും യുവജന ശാക്തീകരണത്തിനും സാമൂഹിക ഉള്‍പ്പെടുത്തലിനുമുള്ള ഒരു പുതു ചുവടുവെയ്പ്പാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ അന്തരീക്ഷത്തില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. പുതിയ ബ്ലോക്കില്‍ ആധുനിക ക്ലാസ് മുറികള്‍, റോബോട്ടിക്സ്, എസ്റ്റിഇഎം ലബോറട്ടറികള്‍, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ നടക്കാവ് മോഡല്‍ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കിയ ഈ പദ്ധതി. കോഴിക്കോട് നടപ്പാക്കിയ നടക്കാവ് സ്‌കൂള്‍ പുനര്‍നിര്‍മാണ പദ്ധതി പ്രിസം- പ്രമോട്ടിംഗ് റീജനല്‍ സ്‌കൂള്‍സ് ടു ഇന്റര്‍നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍ ഇതിനകം തന്നെ കേരളത്തിലെ 977ത്തിലധികം സ്‌കൂളുകള്‍ക്ക് പ്രചോദനമാകുകയും സംസ്ഥാനതലത്തിലേക്ക് സര്‍ക്കാര്‍ വിപുലീകരിക്കുകയും ചെയ്തിരുന്നു. 120 വര്‍ഷം പഴക്കമുള്ള സ്‌കൂളാണ് നടക്കാവില്‍ ഇത്തരത്തില്‍ മാറ്റിയെടുത്തത്.





