
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന് നബാർഡിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 500 കോടി രൂപ ലഭിച്ചേക്കും.
മുംബൈയിലെ നബാർഡ് ആസ്ഥാനത്ത് ചെയർമാൻ കെ. വി. ഷാജിയുമായി കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജിമോഹൻ നടത്തിയ കൂടിക്കാഴ്ചയിലാണ് വായ്പാസാദ്ധ്യത തെളിഞ്ഞത്.
ഇതിനു പുറമേ വിളവായ്പാ പദ്ധതിക്കായി കിസാൻ ക്രെഡിറ്റ് കാർഡ് മാതൃകയിൽ വായ്പ നൽകാൻ 100 കോടി രൂപ അനുവദിക്കാമെന്നും നബാർഡ് ചെയർമാൻ ഉറപ്പുനൽകിയതായി ഷാജിമോഹൻ അറിയിച്ചു.
കർഷകർക്ക് കുറഞ്ഞ നിരക്കിൽ വിവിധോദ്ദേശ്യ വായ്പകൾ നൽകുന്നതിനാണ് വായ്പ ആവശ്യപ്പെട്ടത് ഇതിനായുള്ള നിവേദനവും ഷാജി മോഹൻ നബാർഡ് ചെയർമാന് കൈമാറി.
മുംബൈയിൽ നടന്ന കൂടിക്കാഴ്ചയിൽ ദേശീയ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ കെ.കെ. രവീന്ദ്രനും പങ്കെടുത്തു.