
മുംബൈ: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മിന്ത്ര അനധികൃതമായി നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരോപിക്കുന്നു. ഇതിന്റെ പേരില്‍ കമ്പനിയ്‌ക്കെതിരെ ഇഡി പരാതി ഫയലില്‍ സ്വീകരിച്ചതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോള്‍സെയില്‍ ക്യാഷ് & ക്യാരി ട്രേഡ് നടത്തുന്നതായി വ്യാജ അവകാശവാദം ഉന്നയിച്ച് കമ്പനി 1654 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപം കൈപറ്റിയെന്നാണ് ആരോപണം. അതായത്, വ്യക്തിഗത ഉപഭോക്താക്കള്‍ക്കല്ല, മറ്റ് ബിസിനസുകള്‍ക്ക് മൊത്തത്തില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു എന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്.
ഇതിനായി വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സൃഷ്ടിച്ചു. ഇവരുമായി ബി2ബി (ബിസിനസ് ടു ബിസിനസ്) ട്രേഡ് നടത്തുന്നുവെന്ന പേരില്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഉത്പന്നങ്ങളെത്തിക്കുന്ന മള്‍ട്ടി ബ്രാന്റ് റീട്ടെയ്ല്‍ ട്രേഡില്‍ ഉള്‍പ്പെട്ടു.
മറ്റൊരു സ്ഥാപനത്തിനെന്ന പേരില്‍ തങ്ങളുടെ ഗ്രൂപ്പ് സ്ഥാപനവുമായാണ് മിന്ത്ര ഇടപാടുകള്‍ നടത്തിയതെന്ന് ഇഡി പറയുന്നു. മൊത്ത വ്യാപാര ബിസിനസുകളില്‍ വിദേശ നിക്ഷേപത്തിന് ഇന്ത്യ അനുമതി നല്‍കുന്നുണ്ട്. അതേസമയം മള്‍ട്ടി-ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡിനെ സംബന്ധിച്ച് എഫ്ഡിഐ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാണ്.