
അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി പങ്കാളിത്തം മ്യൂച്വല്‍ ഫണ്ടുകള്‍ കുറച്ചുകൊണ്ടുവരുന്ന പ്രവണത തുടരുന്നു. അദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഭരണ നിലവാരത്തെ കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണ് കാരണം.
ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചിരിക്കുന്നത് ഫണ്ട് ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തിയുടെ 0.9 ശതമാനം മാത്രമാണ്. ഡിസംബര്‍ 31ന് ഇത് രണ്ട് ശതമാനമായിരുന്നു. മൂന്ന് മാസം കൊണ്ട് ഓഹരി പങ്കാളിത്തം 0.9 ശതമാനമായി കുറച്ചുകൊണ്ടുവന്നു.
ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തില്‍ കനത്ത ചോര്‍ച്ചയാണുണ്ടായത്. അതിനു ശേഷം ഓഹരി വിലയില്‍ കൃത്രിമത്വവും അക്കൗണ്ടിംഗ് തിരിമറികളും കാട്ടിയെന്ന് ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് ജനുവരി 24ന് പുറത്തുവന്നതിനു ശേഷം തങ്ങള്‍ക്കുണ്ടായ ആഘാതത്തില്‍ നിന്നും മറികടക്കാന്‍ അദാനി ഗ്രൂപ്പ് പല തരത്തിലുള്ള ശ്രമങ്ങളാണ് നടത്തിയത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഓഹരി നിക്ഷേപക സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സിന് നാല് ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ വിറ്റതു വഴി 15,446 കോടി രൂപ സമാഹരിച്ചത് അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായയിലുണ്ടായ ആഘാതം കുറയ്‌ക്കാന്‍ ഏറെ സഹായകമായി. കടം തിരിച്ചടയ്‌ക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാനാണ് വില്‍പ്പന നടത്തിയത്.
അദാനി എന്റര്‍പ്രൈസസിന്റെ 3.4 ശതമാനം ഓഹരികള്‍ 1410.86 രൂപയ്‌ക്കും അദാനി പോര്‍ട്‌സിന്റെ 4.1 ശതമാനം ഓഹരികള്‍ 596.2 രൂപയ്‌ക്കും അദാനി ട്രാന്‍സ്‌മിഷന്റെ 2.5 ശതമാനം ഓഹരികള്‍ 504.6 രൂപയ്‌ക്കും അദാനി ഗ്രീന്‍ എനര്‍ജിയുടെ 3.5 ശതമാനം ഓഹരികള്‍ 668.4 രൂപയ്‌ക്കുമാണ് ജിപിക്യു പാര്‍ട്‌ണേഴ്‌സ് വാങ്ങിയത്.
ജിപിക്യു പാര്‍ട്‌ണേഴ്‌സ് വാങ്ങിയ വില ഈ ഓഹരികളുടെ സമീപ കാലത്തെ താങ്ങ് വിലയായി പരിഗണിക്കപ്പെടുമെന്നാണ് അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നത്.






