
സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപകര്‍ ഏത് ഓഹരിക്ക് കൂടുതല്‍ വെയിറ്റേജ് നല്‍കും? മ്യൂച്വല്‍ ഫണ്ടുകള്‍ വീണ്ടും എച്ച്‌ഡിഎഫ്‌സി ബാങ്കിന് മുന്‍ഗണന കൊടുക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.
2021ലും 2022ലും മ്യൂച്വല്‍ ഫണ്ടുകള്‍ ഐസിഐസിഐ ബാങ്കിനാണ് ഉയര്‍ന്ന വെയിറ്റേജ് നല്‍കിയിരുന്നത്. ഇക്കാലയളവില്‍ ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില കുതിച്ചുയരുകയും ചെയ്‌തു. ഇതിനെ തുടര്‍ന്ന് ഐസിഐസിഐ ബാങ്കിന്റെ മൂല്യം എച്ച്‌ഡിഎഫ്‌സി ബാങ്കിനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തി.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില ഇപ്പോള്‍ പുസ്‌തകമൂല്യത്തിന്റെ 3.74 മടങ്ങാണ്. അതേ സമയം ഐസിഐസിഐ ബാങ്കിന്റെ കാര്യത്തില്‍ ഇത് 4.03 മടങ്ങാണ്. രണ്ട് വര്‍ഷം മുമ്പ് ഓഹരി വിലയും പുസ്‌തകമൂല്യവും തമ്മിലുള്ള അനുപാതത്തില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിനേക്കാള്‍ ഏറെ പിന്നിലായിരുന്നു ഐസിഐസിഐ ബാങ്ക്.
ഐസിഐസിഐ ബാങ്ക് അല്‍പ്പം ചെലവേറിയ ഓഹരിയായി മാറിയ സാഹചര്യത്തില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിനോട് മ്യൂച്വല്‍ ഫണ്ടുകള്‍ വീണ്ടും പ്രതിപത്തി കാട്ടുന്നു. 2021ന് മുമ്പ് എച്ച്‌ഡിഎഫ്‌സി ബാങ്കിന് ആണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഉയര്‍ന്ന വെയിറ്റേജ് നല്‍കിയിരുന്നത്.
നവംബറില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 16.7 ദശലക്ഷം ഓഹരികള്‍ വാങ്ങിയപ്പോള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 32.9 ദശലക്ഷം ഓഹരികള്‍ വില്‍ക്കുകയാണ് ചെയ്‌തത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മടങ്ങ് ഉയര്‍ന്ന ഐസിഐസിഐ ബാങ്കില്‍ നിന്ന് ലാഭമെടുക്കുകയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ചെയ്‌തത്. അതേ സമയം ഇക്കാലയളവില്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് 75 ശതമാനമാണ് ഉയര്‍ന്നത്.
2022ല്‍ ഇതുവരെ ഐസിഐസിഐ ബാങ്ക് 22 ശതമാനം ഉയര്‍ന്നപ്പോള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വില എട്ട് ശതമാനം മാത്രമാണ് ഉയര്‍ന്നത്.
എച്ച്‌ഡിഎഫ്‌സി ബാങ്കും എച്ച്‌ഡിഎഫ്‌സിയും തമ്മിലുള്ള ലയനം നടക്കുന്ന സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നു. ലയനത്തിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ അനുമതി ലഭിച്ചിട്ടുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷം രണ്ടാമത്തെയോ മൂന്നാമത്തെയോ ത്രൈമാസത്തോടെ ലയനം പൂര്‍ത്തിയാകും. എച്ച്‌ഡിഎഫ്‌സി ബാങ്കിന് ഭവന വായ്‌പാ ബിസിനസിലേക്ക് കടക്കാനും ഉപഭോഗ്‌തൃ അടിത്തറ വിപുലമാക്കാനും ലയനം വഴിയൊരുക്കും. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭവന വായ്‌പാ സ്ഥാപനമാണ് എച്ച്‌ഡിഎഫ്‌സി.
മിക്ക മ്യൂച്വല്‍ ഫണ്ടുകളും ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്ന ബാങ്കിംഗ് ഓഹരികളാണ് എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും.
ഇപ്പോഴും മിക്ക ഫണ്ടുകളുടെയും പോര്‍ട്‌ഫോളിയോയില്‍ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത് ഐസിഐസിഐ ബാങ്കിനാണ്.