
നവംബറില്‍ ഓഹരി വിപണി എക്കാലത്തെയും ഉയരത്തിലെത്തിയപ്പോള്‍ കരുതലോടെയുള്ള സമീപനമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൈകൊണ്ടത്. പ്രൈവറ്റ് ബാങ്കുകളുടെയും എന്‍ബിഎഫ്‌സികളുടെയും ഓഹരികള്‍ വാങ്ങുന്നതിന് മ്യൂച്വല്‍ ഫണ്ടുകള്‍ മുന്‍ഗണന നല്‍കി.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ശ്രീറാം ഫിനാന്‍സ്, എല്‍&ടി ഫിനാന്‍സ്, മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍, ഐടി ബ്ലൂചിപ് ഓഹരികളായ ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയാണ് നവംബറില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ മുഖ്യമായും വാങ്ങിയ ഓഹരികള്‍.
മാരികോ, ആദിത്യ ബിര്‍ള സണ്‍ലൈഫ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ ചില മ്യൂച്വല്‍ ഫണ്ടുകള്‍ പൂര്‍ണമായും വിറ്റൊഴിഞ്ഞപ്പോള്‍ ആര്‍ബിഎല്‍ ബാങ്ക്, ഏയ്‌ഞ്ചല്‍ വണ്‍, പ്രാജ് ഇന്റസ്‌ട്രീസ് തുടങ്ങിയ ഓഹരികളെ പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തി.
നവംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപത്തില്‍ 21.2% വര്‍ധനയാണുണ്ടായത്. നവംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 29,911 കോടി രൂപയായി ഉയര്‍ന്നു. ഒക്‌ടോബറില്‍ 24,690 കോടി രൂപയുടെ നിക്ഷേപമായിരുന്നു നടന്നത്.






