
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് കമ്പനിയായ മുത്തൂറ്റ് മൈക്രോഫിൻ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ലാഭത്തിലേക്ക് തിരിച്ചെത്തി. 6.2 കോടി രൂപയാണ് ഈ ത്രൈമാസത്തിൽ മുത്തൂറ്റ് മൈക്രോഫിൻ കൈവരിച്ച ലാഭം.
ജനുവരി-മാർച്ച് ത്രൈമാസത്തിൽ കമ്പനി 401 കോടി രൂപ നഷ്ടം നേരിട്ടിരുന്നു. ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ വീണ്ടും ലാഭം കൈവരിച്ചെങ്കിലും മുൻവർഷം സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 95 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 113.2 കോടി രൂപയായിരുന്നു ലാഭം.
കമ്പനിയുടെ കിട്ടാക്കടം വർദ്ധിച്ചു. മൊത്തം നിഷ്ക്രിയ ആസ്തി 2.75 ശതമാനം ഉയർന്ന് 4.85 ശതമാനം ആയി. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 12,253 കോടി രൂപയാണ്.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ പ്രവർത്തനഫലത്തെ തുടർന്ന് മുത്തൂറ്റ് മൈക്രോഫിന്നിന്റെ ഓഹരി വില അഞ്ചു ശതമാനം ഇടിഞ്ഞു. തിങ്കളാഴ്ച്ച 153 രൂപയിൽ ക്ലോസ് ചെയ്ത ഈ ഓഹരി ഇന്നലെ രേഖപ്പെടുത്തിയ താഴ്ന്ന വില 144.79 രൂപയാണ്.