
ജീവിതത്തിന്റെ താളം ചിലപ്പോൾ തെറ്റിയും പോകും. തിരക്കുകൾ, സമ്മർദങ്ങൾ, ചിന്തകൾ എന്നിവയെല്ലാം ചേർന്ന് മനസ്സിനെ തളർത്തും. അത്തരം സമയങ്ങളിൽ ആത്മാവിനെ തൊടുന്ന ഒരു പാട്ട് കേൾക്കുമ്പോഴുണ്ടാകുന്ന അത്ഭുതം നമ്മിൽ ഏവരും അനുഭവിച്ചിട്ടുണ്ടാകും. കാരണം സംഗീതം വെറും വിനോദമല്ല, അത് മനസ്സിനെ ശാന്തമാക്കുന്ന ഒരു മരുന്നാണ്.
സംഗീതം കേൾക്കുമ്പോൾ നമ്മുടെ മസ്തിഷ്കം ‘ഡോപാമിൻ’ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. അതാണ് സന്തോഷം നൽകുന്ന രാസവസ്തു. അതിനാലാണ് ഒരു ഇഷ്ടഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരു തണുപ്പും ശാന്തതയും അനുഭവിക്കുന്നത്. പാട്ടുകൾക്ക് ഓർമകളെ ഉണർത്താനും വേദനയെ ശമിപ്പിക്കാനും കഴിയും. ചിലർക്ക് പഴയ പാട്ടുകൾ കേൾക്കുന്നത് ഒരു യാത്ര പോലെയാണ്.. ജീവിതത്തിലെ പഴയ നിമിഷങ്ങളിലേക്ക് മടങ്ങി പോകുന്നത് പോലെ. മറ്റു ചിലർക്കോ പ്രഭാതത്തിൽ മൃദു സംഗീതം കേൾക്കുന്നത് ഒരു നല്ല ദിനത്തിന്റെ തുടക്കമാണ്.
സംഗീതം ധ്യാനത്തിന് സമാനമായൊരു അനുഭവമാണ് നൽകുക. ചിന്തകളുടെ ഭാരമിറക്കി മനസ്സിനെ ശാന്തമായൊരു നിമിഷത്തിലേക്ക് കൊണ്ടുവരുന്നു. അതുകൊണ്ടാണ് പല ചികിത്സാ രീതികളിലും സംഗീതത്തെ ‘തെറാപ്പി’ ആയി ഉപയോഗിക്കുന്നത്. മനസ്സിന് വിശ്രമം വേണമെങ്കിൽ ചിലപ്പോൾ ഒരു പാട്ട് മതി. മനസ്സ് തുറന്ന് കേൾക്കൂ… നിങ്ങളുടെ മൂഡ് മാറ്റി മറിച്ച് പോസിറ്റിവിറ്റി നിറയ്ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ ഇപ്പോഴും നിങ്ങളുടെ പ്ലേ ലിസ്റ്റിലുണ്ടാകും 🎶