
ന്യൂഡല്ഹി: വിവാദ വ്യവസ്ഥകളടങ്ങിയ ബഹുസംസ്ഥാന സഹകരണസംഘം(ഭേദഗതി) ബില് ഈയാഴ്ച ലോക്സഭ പരിഗണിച്ചേക്കും. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്പ്പുകള്ക്കിടയിലാണ് ഒന്നിലധികം സംസ്ഥാനങ്ങളില് പ്രവര്ത്തിക്കുന്ന സഹകരണസംഘങ്ങളെ നിയന്ത്രിക്കാനായി കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത്.
സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല് രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണെന്നും സഹകരണമേഖലയെ തകര്ക്കുമെന്നും ചൂണ്ടിക്കാട്ടി അവതരണവേളയില്ത്തന്നെ ലോക്സഭയില് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ബില് സ്റ്റാന്ഡിങ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്, ബഹുസംസ്ഥാന സഹകരണസംഘങ്ങളുടെ പ്രവര്ത്തനങ്ങള് സുതാര്യമാക്കുന്നതിനും ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഭേദഗതി കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസര്ക്കാരിന്റെ അവകാശവാദം.
കേന്ദ്രം നിശ്ചയിക്കുന്ന വരുമാനപരിധിയില് വാര്ഷികലാഭമോ നിക്ഷേപമോ ഉള്ള ബഹുസംസ്ഥാന സഹകരണസംഘങ്ങളില് കണ്കറന്റ് ഓഡിറ്റ് ഏര്പ്പെടുത്താനും ബില് വ്യവസ്ഥ ചെയ്യുന്നുണ്ട്.
2002 മുതല് നിലവിലുള്ള ബഹുസംസ്ഥാന സഹകരണസംഘം നിയമം ഭേദഗതി ചെയ്താണ് കഴിഞ്ഞ ബുധനാഴ്ച കേന്ദ്രമന്ത്രി ബി.എല്. വര്മ ബില് ലോക്സഭയില് അവതരിപ്പിച്ചത്.
സംസ്ഥാനങ്ങളുടെ അധികാരം കവരാനല്ല, സഹകരണസംഘത്തിന്റെ കരുത്തുവര്ധിപ്പിക്കാനും കൂടുതല് സുതാര്യമാക്കാനുമാണ് ബില് ലക്ഷ്യമിടുന്നതെന്നാണ് ബില് അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി ബി.എല്. വര്മ ലോക്സഭയില് പറഞ്ഞത്. സംയുക്ത പട്ടികയിലാണെന്നും അതിനാല് ബില് കൊണ്ടുവരാന് കേന്ദ്രത്തിന് അധികാരമുണ്ടെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.
വിയോജിപ്പിനുള്ള കാരണങ്ങള്
ഇത്തരം സംഘങ്ങളില് തിരഞ്ഞെടുപ്പുകള് നടത്താന് പ്രത്യേക അതോറിറ്റി രൂപവത്കരിക്കാനുള്ള നീക്കം
തര്ക്കപരിഹാരങ്ങള്ക്കുള്ള ഓംബുഡ്സ്മാന്റെ നിയമനം
സംഘങ്ങള് തമ്മിലുള്ള ലയനം സംബന്ധിച്ചുള്ള വ്യവസ്ഥകള്
കേന്ദ്ര സഹായമോ ഗാരന്റിയോ വാങ്ങുന്ന സംഘങ്ങളില് കേന്ദ്രത്തിന് ഇടപെടാമെന്ന നിര്ദേശം
സംഘങ്ങള് തമ്മിലുള്ള ലയനം സംബന്ധിച്ചുള്ള വ്യവസ്ഥകള്






