
മുംബൈ: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസിൽ 39,617 കോടി രൂപയുടെ നിക്ഷേപത്തിന് ജാപ്പനീസ് ബാങ്കിങ് ഭീമനായ എംയുഎഫ്ജി ബാങ്ക്. ഇന്ത്യൻ ധനകാര്യ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാടാണിത്. ഓഹരിക്ക് 840.93 രൂപ പ്രകാരം 47.11 കോടി ഓഹരികൾ എംയുഎഫ്ജി ബാങ്കിന് നൽകാൻ ശ്രീറാം ഫിനാൻസ് ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഇതുവഴി ശ്രീറാം ഫിനാൻസിൽ 20% ഓഹരി പങ്കാളിത്തം എംയുഎഫ്ജിക്ക് കിട്ടും.
പ്രൈവറ്റ് പ്ലേസ്മെന്റ് വഴിയാണ് ഓഹരി കൈമാറ്റം. അതായത്, യോഗ്യരായ നിക്ഷേപക സ്ഥാപനവുമായി നേരിട്ടു നടത്തുന്ന ഇടപാട്. ഓഹരി ഉടമകളുടെ ഉൾപ്പെടെ അനുമതിക്ക് അനുസൃതമായാകും ഓഹരികൾ കൈമാറുക.
നിക്ഷേപ വാർത്തകൾക്ക് പിന്നാലെ ശ്രീറാം ഫിനാൻസിന്റെ ഓഹരി വിലയിൽ വൻ നേട്ടമുണ്ടായി. ഇന്ന് എൻഎസ്ഇയിൽ 869 രൂപയ്ക്ക് വ്യാപാരം തുടങ്ങിയ ഓഹരി, ഒരുവേള 913.50 രൂപവരെ മുന്നേറി. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നത്തെ വ്യാപാരം അവസാന സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് നേട്ടം നിജപ്പെടുത്തി 901.30 രൂപയിൽ.
ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികൾ വാങ്ങിക്കൂട്ടാൻ ജാപ്പനീസ് ബാങ്കിങ് ഭീമന്മാർ ഇരച്ചെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ദൃശ്യമാകുന്നത്. ഇതേ എംയുഎഫ്ജി ബാങ്ക് കഴിഞ്ഞവർഷമാണ് എച്ച്ഡിബി ഫിനാൻഷ്യലിൽ 200 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയത്.
അവൻഡസ് കമ്പനിയെ മിസൂഹോ ബാങ്ക് ഏറ്റെടുത്തത് സമീപകാലത്താണ്. ആംബിറ്റ് ഗ്ലോബലിൽ ദൈവ സെക്യൂരിറ്റീസ് ഗ്രൂപ്പ് നിക്ഷേപം ഉയർത്തിയതും അടുത്തിടെ.
യെസ് ബാങ്കിൽ സുമിടോമോ മിത്സൂയി ബാങ്കിങ് കോർപറേഷൻ 160 കോടി ഡോളർ നിക്ഷേപിച്ച് 20% ഓഹരികൾ സ്വന്തമാക്കിയത് ഈ വർഷം മേയിലായിരുന്നു. ശ്രീറാം ഫിനാൻസിലെ നിക്ഷേപത്തിലൂടെ ഇന്ത്യയുടെ ഏറ്റവും വേഗം വളരുന്ന റീട്ടെയ്ൽ വായ്പാ വിപണിയിലേക്കുള്ള പ്രവേശനമാണ് എംയുഎഫ്ജി ബാങ്കിനു കിട്ടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ (എൻബിഎഫ്സി) ശ്രീറാം ഫിനാൻസിന് വാണിജ്യ വാഹന വായ്പ, ടൂവീലർ വായ്പ, കാർ വായ്പ, മറ്റ് വ്യക്തിഗത വായ്പ എന്നിവയിൽ ശക്തമായ സാന്നിധ്യമുണ്ട്. ജാപ്പനീസ് ബാങ്കുകൾ ഇതിനകം തന്നെ സ്വന്തം നാട്ടിൽ ഏതാണ്ടെല്ലാ കുടുംബങ്ങളിലേക്കും സേവനം എത്തിക്കഴിഞ്ഞു.
ജപ്പാനിൽ ഇനി വളർച്ചയ്ക്ക് വലിയ സാധ്യതകളും ഇല്ലാതെയായി. ലാഭക്ഷമതയും കുറഞ്ഞു. ഇതോടെയാണ്, അവർ ഇന്ത്യയിലേക്കു കണ്ണനട്ടത്. ഇന്ത്യയിലാകട്ടെ, റീട്ടെയ്ൽ വായ്പാ വിപണി ഇപ്പോഴും വളർച്ചയുടെ ആദ്യഘട്ടത്തിലാണ്. വൻ വളർച്ചയ്ക്ക് ഇന്ത്യയിൽ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലുകളുമായാണ് വമ്പൻ നിക്ഷേപവുമായി ജാപ്പനീസ് ഭീമന്മാർ എത്തുന്നതും.






