
മുംബൈ: ഓഹരി വിപണിയിലെ മിക്ക മേഖലാ സൂചികകളും അഞ്ച് വര്‍ഷത്തെ ശരാശരി പി/ഇ (പ്രൈസ് ടു ഏര്‍ണിംഗ് റേഷ്യോ) യില്‍ നിന്നും താഴെയാണ് വ്യാപാരം ചെയ്യുന്നത്. ഈ മേഖലകള്‍ ചെലവ് കുറഞ്ഞ നിലയിലോ ന്യായമായ മൂല്യത്തിലോ ആണ് എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ഒരു ഓഹരിയുടെ നിലവിലെ വിലയെ അതിന്റെ പ്രതി ഓഹരി വരുമാനവു (ഇപിഎസ്) മായി താരതമ്യം ചെയ്യുന്ന ഒരു പ്രധാന മൂല്യനിര്‍ണ്ണയ രീതിയാണ് പൈസ്ര് ടു എര്‍ണിംഗ് റേഷ്യോ. കമ്പനിയുടെ ഓഹരി വില പ്രതി ഓഹരി വരുമാനത്തിന്റെ എത്ര മടങ്ങാണ് എന്നാണ് ഈ മാനദണ്‌ഡം അനുസരിച്ച് വിലയിരുത്തുന്നത്.
പൈസ്ര് ടു എര്‍ണിംഗ് റേഷ്യോ അഞ്ച് വര്‍ഷത്തെ ശരാശരിയുടെ മുകളിലാണെങ്കില്‍ ഓഹരി ചെലവേറിയ നിലയിലാണെന്നാണ് കണക്കാക്കുന്നത്.
അഞ്ച് വര്‍ഷത്തെ ശരാശരിയ്‌ക്ക് താഴെയാണെങ്കില്‍ ന്യായമായ മൂല്യത്തിലുള്ള ഓഹരിയായും പരിഗണിക്കുന്നു. ഈ രീതി സൂചികകളുടെയും മേഖലാ സൂചികകളുടെയും കാര്യത്തിലും അവലംബിക്കാറുണ്ട്. ഒരു പ്രത്യേക മേഖലയോ നിഫ്‌റ്റി, സെന്‍സെക്‌സ് തുടങ്ങിയ സൂചികകളോ നിലവില്‍ ചെലവേറിയ നിലയിലാണോ എന്ന് പരിശോധിക്കാനാണ് ഇത്.
നിലവില്‍ മെറ്റല്‍, ഓയില്‍ & ഗ്യാസ് എന്നീ മേഖലകള്‍ മാത്രമാണ് അഞ്ച് വര്‍ഷത്തെ ശരാശരി പി/ഇയ്‌ക്കു മുകളില്‍ നില്‍ക്കുന്നത്. നിഫ്‌റ്റിയും അഞ്ച് വര്‍ഷത്തെ ശരാശരി പി/ഇയ്‌ക്കു താഴെയാണ് ഇപ്പോള്‍. നിഫ്‌റ്റിയുടെ ശരാശരി പി/ഇ 24 ആണ്. നിലവിലുള്ള പി/ഇ 22.5ഉം.






