
ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ മൊബിക്വിക്കിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഡിസംബര്‍ 11 മുതല്‍ 13 വരെ നടക്കും. ഐപിഒ വഴി സമാഹരിക്കുന്ന തുക 572 കോടി രൂപയായി കമ്പനി വെട്ടിക്കുറച്ചു.
പബ്ലിക് ഇഷ്യു നടത്തുന്നത് മൂന്ന് വര്‍ഷത്തിലേറെ നീട്ടിവെച്ചതിനൊപ്പം മൂന്നാമത്തെ തവണയാണ് മൊബിക്വിക് ഐപിഒ തുക വെട്ടിക്കുറയ്‌ക്കുന്നത്. 2024 ജൂലൈയില്‍ സെബിക്ക് രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ 700 കോടി രൂപ സമാഹരിക്കുന്നതിനുള്ള അപേക്ഷയാണ് നല്‍കിയിരുന്നത്.
മൂന്ന് വര്‍ഷം മുമ്പു തന്നെ ഐപിഒ നടത്തുന്നതിനായി സെബിയില്‍ നിന്നും കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു. 2021 ജൂലൈയില്‍ 1900 കോടി രൂപ സമാഹരിക്കുന്നതിനുള്ള അനുമതി കിട്ടിയെങ്കിലും വിപണിയിലെ ചാഞ്ചാട്ടവും ആ സമയത്തെ ഡിജിറ്റല്‍ സ്റ്റാര്‍ട്-അപ് കമ്പനികളുടെ ഓഹരി വിപണിയിലെ ദുര്‍ബലമായ പ്രകടനവും മൂലം പബ്ലിക് ഇഷ്യു നടത്തുന്നത് മാറ്റിവെച്ചു.
ഐപിഒ വഴി സമാഹരിക്കുന്ന തുക വിവിധ ആവശ്യങ്ങള്‍ക്കായി കമ്പനി വിനിയോഗിക്കും. 150 കോടി രൂപ ധനകാര്യ സേവന ബിസിനസിലെ വളര്‍ച്ചയ്‌ക്കായും 135 കോടി രൂപ പേമെന്റ് സേവനം വിപുലീകരിക്കുന്നതിനായും 107 കോടി രൂപ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ടെക്‌നോളജി എന്നിവയുടെ ഗവേഷണ-വികസന പ്രവര്‍ത്തനത്തിനായും 70.2 കോടി രൂപ മൂലധന ചെലവിനായും വകയിരുത്തും.
ബിപിന്‍ പ്രീത് സിംഗും ഉപാസന താകുവും ചേര്‍ന്ന് സ്ഥാപിച്ച മൊബിക്വിക് 161.03 ദശലക്ഷം ഉപയോക്താക്കളെ 4.26 ദശലക്ഷം വ്യാപാരികളുമായി ബന്ധിപ്പിക്കുന്നു. ഡിജിറ്റല്‍ ക്രെഡിറ്റ്, നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളാണ് മൊബിക്വിക് ആപ് വഴി നല്‍കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 875 കോടി രൂപ വരുമാനം കൈവരിച്ചു. മുന്‍വര്‍ഷം ഇത് 539.46 കോടി രൂപയായിരുന്നു. 2022-23ല്‍ 83.81 കോടി രൂപ നഷ്‌ടം നേരിട്ട കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.08 കോടി രൂപം ലാഭം നേടി.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ മൊബിക്വിക്കിന്റെ വരുമാനം 342.7 കോടി രൂപയും നഷ്‌ടം 6.62 കോടി രൂപയുമാണ്.






