ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ഫാക്ടിന്റെ നായര്‍ സാബ്

രാസവളവും കഥകളിയും തമ്മില്‍ എത്ര അടുപ്പമാകാം എന്ന് ചോദിച്ചാല്‍, സ്വന്തം ശിരസും ഹൃദയവും തമ്മിലുള്ളത്ര അടുപ്പം’ എന്നായിരുന്നിരിക്കണം മേപ്പള്ളി കേശവപിള്ള കൃഷ്ണന്‍കുട്ടി നായര്‍ എന്ന എം കെ കെ നായരുടെ മറുപടി. സ്വന്തം സംരംഭക ശേഷിയും കഠിനാധ്വാനവും കൊണ്ട് ഫെര്‍ട്ടിലൈസേഴ്‌സ് & കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിനെ (എഫ്എസിടി) രാജ്യത്തെ ഏറ്റവും മികച്ച രാസവള നിര്‍മാണ കമ്പനിയാക്കി വളര്‍ത്തിയ എം കെ കെ നായര്‍ തന്നെയാണ് കഥകളിയെന്ന കേരളീയ കലാരൂപത്തെ ആഗോള പ്രശസ്തമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും. ജനറല്‍ മാനേജരായും പിന്നീട് മാനേജിംഗ് ഡയറക്ടറായും ഏറെക്കാലം എഫ്എസിടിയെ നയിച്ച അദ്ദേഹത്തിന്റെ ചിന്തകള്‍ എന്നും കമ്പനിയുടെ വളര്‍ച്ചയെക്കുറിച്ചായിരുന്നു; അതേസമയം ഹൃദയത്തിലായിരുന്നു കലകള്‍ക്ക് സ്ഥാനം. സേലം അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച എം കെ കെ നായര്‍ രാജ്യത്തെ ശ്രദ്ധേയമായ ഒട്ടേറെ പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും ചുമതല വഹിച്ചു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രത്യേക താത്പര്യ പ്രകാരം ഭിലായ് സ്റ്റീല്‍ പ്ലാന്റിന്റെ ചുമതല ഏറ്റെടുത്ത് കമ്മീഷനിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് വഴിത്തിരിവായി. 1959-ല്‍ എഫ്എസിടിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം തന്റെ പുതുമയാര്‍ന്ന ആശയങ്ങള്‍ നടപ്പാക്കിക്കൊണ്ട് കമ്പനിയെ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാക്കി വളര്‍ത്തി. 1971-ല്‍ ഫാക്ടില്‍നിന്ന് വിരമിച്ച് പ്ലാനിങ് കമ്മീഷനില്‍ ജോയിന്റ് സെക്രട്ടറി പദവിയില്‍ നിയമിതനായി. കേരള മാനേജ്മെന്റ് അസോസിയേഷന്റെയും കേരള പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്റെയും സ്ഥാപകാദ്ധ്യക്ഷന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ മടങ്ങിവരവ് കേരള കലാമണ്ഡലം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ടായിരുന്നു. എംകെകെ നായരുടെ ശ്രമഫലമായി കലാമണ്ഡലം കഥകളി സംഘം നടത്തിയ യൂറോപ്യന്‍ പര്യടനം വഴിത്തിരിവായി. പുതുമയാര്‍ന്ന കലാവിരുന്ന് ആസ്വദിക്കാന്‍ ഓരോ വേദികളിലും കാണികള്‍ തിങ്ങിക്കൂടി. കേരളത്തിന്റെ സ്വന്തം കലാരൂപമെന്ന നിലയില്‍ കഥകളിക്ക് പാശ്ചാത്യ ലോകത്ത് വലിയ പ്രശസ്തി നേടിക്കൊടുക്കുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിച്ചു.

X
Top