
ഗ്രാമീണ ജീവിതത്തെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച സഹകരണ മാതൃകയാണ് മില്‍മ. 1980-ല്‍ ‘ഓപ്പറേഷന്‍ ഫ്‌ലഡ്കക’ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട കേരള കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്), സംസ്ഥാനത്തിന്റെ സാമൂഹ്യസാമ്പത്തിക ചരിത്രം പുനഃരചിച്ചു. പാലിനായി കേരളം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന കാലഘട്ടത്തില്‍, മില്‍മ ഗ്രാമീണ കര്‍ഷകരെ സ്വയംപര്യാപ്തരാക്കി. ചെറിയ തോതില്‍ ആരംഭിച്ച സംരംഭം പിന്നീട് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് യൂണിയനുകളായി വികസിച്ച് സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലേക്കും പാലിന്റെയും പ്രതീക്ഷയുടെയും ഒഴുക്ക് സൃഷ്ടിച്ചു. ക്ഷീരോത്പാദകരെ വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുകയും ഇടനിലക്കാരുടെ ചങ്ങല മുറിച്ച് മാറ്റുകയും ചെയ്തതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ സ്ഥിര വരുമാനം കണ്ടെത്തി. സ്ത്രീകളുടെ സജീവ പങ്കാളിത്തത്തോടെ രൂപം കൊണ്ട ഗ്രാമതല ക്ഷീര സമിതികള്‍ ഗ്രാമീണ സ്ത്രീ ശാക്തീകരണത്തിന്റെ മുഖമായി മാറി. സ്വന്തമായി വരുമാനവും, തീരുമാനമെടുക്കാനുള്ള അധികാരവുമുള്ള പങ്കാളികളായി സ്ത്രീകള്‍ മാറി.
1983-ല്‍ പ്രതിദിനം ശരാശരി 52,000 ലിറ്റര്‍ പാലായിരുന്നു ശേഖരിച്ചതെങ്കില്‍ ഇന്നത് 13 ലക്ഷത്തിലധികമായി ഉയര്‍ന്നു. മൂന്ന് യൂണിയനുകളിലായി 10 ലക്ഷത്തിലധികം ക്ഷീരോത്പാദകര്‍ മില്‍മയുടെ അംഗങ്ങളാണ്. വാര്‍ഷിക വരുമാനം കഴിഞ്ഞ വര്‍ഷങ്ങളില്‍ 3,000 കോടിയിലധികമായി വളര്‍ന്നു. അതേസമയം ഈ വളര്‍ച്ച സാമ്പത്തിക നേട്ടങ്ങള്‍ക്കും അപ്പുറമാണ്. ശാസ്ത്രീയ ഉത്പാദന രീതികള്‍, ഗുണനിലവാര നിയന്ത്രണങ്ങള്‍, ശീതീകരണ ശൃംഖല സംവിധാനം, ആധുനിക പ്ലാന്റുകള്‍ എന്നിവയിലൂടെ മില്‍മ ക്ഷീരോത്പാദന മേഖലയെ പൂര്‍ണ പ്രൊഫഷണലാക്കി. തൈര്, നെയ്, പനീര്‍, ബട്ടര്‍, ഐസ്‌ക്രീം, റെഡി-ടു-ഡ്രിങ്ക് പാനീയങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളിലൂടെ മില്‍മ ഇന്ന് കേരളത്തിലെ ഭക്ഷ്യ ശൃംഖലയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ക്ഷീരോത്പാദനത്തില്‍ നിന്നും പ്രോസസ്സിംഗിലേക്കും വിപണനത്തിലേക്കും നീളുന്ന സഹകരണ ശൃംഖല, ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ശക്തമായ അടിസ്ഥാനമായി. കേരളത്തിലെ ഓരോ വീട്ടിലും മില്‍മയുടെ ഒരോ ഉത്പന്നമെങ്കിലും എത്തിക്കുന്ന ഈ സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറ, കര്‍ഷകന്റെ നന്മയും കൂട്ടായ്മയുടെ ആത്മാവുമാണ്.






