
മലയാളിയെ ഇന്നു കാണുന്ന മലയാളിയാക്കിയതില്‍ കുടിയേറ്റത്തിന് നിര്‍ണായക പങ്കുണ്ട്. സാമ്പത്തിക മുന്നേറ്റം സാധ്യമാക്കുന്നതിനൊപ്പം അവന്റെ അഭിരുചികളും ലോക വീക്ഷണവും രൂപപ്പെടുത്തുന്നതിലും കുടിയേറ്റം വലിയ പങ്ക് വഹിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പു തന്നെ മലയാളിയുടെ കുടിയേറ്റ ചരിത്രം ആരംഭിച്ചിരുന്നു. മദ്രാസിലും ബോംബെയിലും അഹമ്മദാബാദിലും ഉയര്‍ന്നുവന്ന ഫാക്ടറികളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും ജോലി തേടിയുള്ള യാത്രകളായിരുന്നു ആദ്യം. ബ്രിട്ടീഷ് കോളനികളായിരുന്ന ബര്‍മയിലേക്കും (മ്യാന്‍മര്‍) സിലോണിലേക്കും (ശ്രീലങ്ക) മലേഷ്യയിലേക്കും (മലയ) പിന്നീട് പേര്‍ഷ്യയിലേക്കും (ഇറാന്‍) ഉള്ള രാജ്യാന്തര കുടിയേറ്റങ്ങളായി അടുത്ത ഘട്ടം.
1970-കളില്‍ മിഡില്‍ ഈസ്റ്റില്‍ വന്‍തോതിലുള്ള എണ്ണ നിക്ഷേപം കണ്ടെത്തിയതോടെ ഗള്‍ഫ് മലയാളി കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയായി മാറി. ഗള്‍ഫിലെത്തിയ ആദ്യകാല മലയാളിലേറെയും നിര്‍മാണ രംഗത്തെ തൊഴിലാളികളായിരുന്നു. ഇതിനു പിന്നാലെ ഗാര്‍ഹിക തൊഴിലാളികളും ധാരാളമായെത്തി. നഴ്സുമാര്‍, സാങ്കേതിക വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലായി ഒട്ടേറെ മലയാളികള്‍ തുടര്‍ന്ന് ഗള്‍ഫിലേക്ക് കുടിയേറി. ഗള്‍ഫിലും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലും ചുവടുറപ്പിച്ച മലയാളി അധ്യാപകരായിരുന്നു മറ്റൊരു പ്രധാന വിഭാഗം. ബിസിനസിലും ഇതിന് പുറമെ ഒട്ടനവധി മലയാളി വ്യാപാരികളും സംരംഭകരും ഇന്ന് ഗള്‍ഫ് മേഖലയില്‍ മാത്രമല്ല വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലും സജീവമാണ്.
പാശ്ചാത്യ ലോകത്തേക്കുള്ള മലയാളി കുടിയേറ്റത്തിന് അടിസ്ഥാനമിട്ടത് നഴ്സിംഗ് ആയിരുന്നു. യുഎസിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും മലയാളി നഴ്സുമാര്‍ വലിയ സാന്നിധ്യമായി മാറി. ക്രമേണ ഗവേഷകരും ഐടി എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ മലയാളി പ്രൊഫഷനലുകളുടെ സാന്നിധ്യം പാശ്ചാത്യലോകത്ത് ശക്തമായി. എണ്ണത്തില്‍ കുറവെങ്കിലും മലയാളി സംരംഭകരും യുഎസില്‍ ഉള്‍പ്പെടെ സാന്നിധ്യമറിയിച്ചു. സമീപകാലത്ത് വിദേശ വിദ്യാഭ്യാസത്തിനായി വിവിധ രാജ്യങ്ങളിലേക്ക് കടന്നു ചെന്ന വിദ്യാര്‍ത്ഥികളാണ് മലയാളി കുടിയേറ്റത്തിന്റെ പുതിയ മുഖങ്ങളാകുന്നത്. ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെ വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള ഉപാധി എന്നതിനപ്പുറം കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന, ലിബറല്‍ ചിന്താഗതിയുള്ള ഒരു സമൂഹത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയായിക്കൂടി പുതിയ തലമുറ കുടിയേറ്റത്തെ കാണുന്നു.
കുടിയേറ്റത്തിലൂടെ ലോകം മുഴുവനും തങ്ങളുടെ സാന്നിധ്യവും സ്വാധീനവും ഉറപ്പിച്ച മലയാളി സമൂഹം വിവിധ ലോക രാജ്യങ്ങളിലെ നയരൂപീകരണത്തിലും ഭരണ നേതൃത്വത്തിലും വരെ ശ്രദ്ധേയ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന വിധത്തില്‍ വളര്‍ന്നിരിക്കുന്നു. ആധുനിക മലേഷ്യയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന ദേവന്‍ നായരും മുതല്‍ യുഎസ് ജനപ്രതിനിധി സഭയിലെത്തിയ ആദ്യ ഇന്ത്യന്‍ വംശജ പ്രമീള ജയപാലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കായുള്ള റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപിനോട് മത്സരിച്ച വിവേക് രാമസ്വാമിയും വരെയുള്ളവരുടെ മലയാളി വേരുകള്‍ ഇന്ന് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
കുടിയേറ്റം മലയാളികള്‍ക്ക് വലിയൊരു സാമ്പത്തിക വിമോചന ശക്തി കൂടിയായിരുന്നു. കുടിയേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ സംസ്ഥാനത്തിന്റെ സാമൂഹിക,സാമ്പത്തിക പരിതസ്ഥിതി ഏറെ ദുര്‍ബലമാകുമായിരുന്നു എന്നതില്‍ സംശയമില്ല. കേരളത്തിലെ പ്രാദേശിക ബിസിനസുകള്‍ വളര്‍ത്തുന്നതിലും കുടിയേറ്റക്കാരുടെ സമ്പാദ്യം നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം പ്രവാസികള്‍ കേരളത്തിലേക്കയച്ചത് 2.16 ലക്ഷം കോടി രൂപയിലധികമാണ്. സംസ്ഥാനത്തെ ബാങ്കുകളുടെ വളര്‍ച്ചയിലും സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റത്തിലും വിദേശത്തേക്ക് കുടിയേറുന്ന മലയാളികളുടെ പങ്ക് വലുതാണെന്ന് സാരം.






