
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായി മൈക്രോസോഫ്റ്റ് പുതിയ ‘മിയ 200’ (Maia 200) ചിപ്പ് പ്രഖ്യാപിച്ചു. 10,000 കോടിയിലധികം (100 billion) ട്രാൻസിസ്റ്ററുകളുള്ള ഈ ചിപ്പ് 2023-ൽ പുറത്തിറങ്ങിയ മിയ 100-നേക്കാൾ വേഗതയും കാര്യക്ഷമതയുമുള്ള ചിപ്പാണ്.
മികച്ച പ്രകടനം
മിയ 200 ചിപ്പ് 4-ബിറ്റ് കൃത്യതയിൽ 10 പെറ്റാഫ്ലോപ്സ് വേഗത നൽകുന്നു. 8-ബിറ്റ് പ്രവർത്തനത്തിൽ ഇത് ഏകദേശം 5 പെറ്റാഫ്ലോപ്സ് പ്രകടനം കാഴ്ചവെക്കുന്നു. കംപ്യൂട്ടറുകളുടെ കംപ്യൂട്ടിങ് വേഗത അളക്കുന്ന യൂണിറ്റാണ് പെറ്റാഫ്ളോപ്സ്.
എഐ ഇൻഫറൻസ് ജോലികൾ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേകമായി നിർമിച്ച ചിപ്പാണിതെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. എഐ മോഡലുകൾ പഠിച്ച കാര്യങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്ത് ഉത്തരങ്ങൾ നൽകുന്ന ഘട്ടമാണിത്. എഐ ഉപയോഗം വർധിച്ചതോടെ കംപ്യൂട്ടിങ് ചെലവ് കുറയ്ക്കാനാണ് കമ്പനികളുടെ ശ്രമം.
ഇതോടൊപ്പം, എഐ സംവിധാനത്തിന്റെ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ മിയ 200 സഹായിക്കും. ഈ ചിപ്പിലെ ഒരു നോഡിന് നിലവിലുള്ള വലിയ എഐ മോഡലുകളെല്ലാം എളുപ്പം പ്രവർത്തിപ്പിക്കാൻ കഴിയും. ഭാവിയിൽ വരാനിരിക്കുന്ന ഇതിലും വലിയ മോഡലുകളെ ഉൾക്കൊള്ളാൻ ഈ ചിപ്പിന് ശേഷിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
എൻവിഡിയയോടുള്ള മത്സരം
എൻവിഡിയയുടെ ഗ്രാഫിക്സ് പ്രൊസസറുകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് വേണ്ടിയാണ് മൈക്രോസോഫ്റ്റ് സ്വന്തം ചിപ്പ് നിർമിച്ചത്. നിലവിൽ എഐ രംഗത്ത് മുന്നിലുള്ളത് എൻവിഡിയ ചിപ്പുകളാണ്. എന്നാൽ ഇതിന് അതിഭീമമായ ചെലവുണ്ട്. ഇക്കാരണത്താൽ ചെലവുചുരുക്കലിന്റെ ഭാഗമായി കമ്പനികൾ ബദൽ മാർഗങ്ങൾ തേടാറുമുണ്ട്.
ഗൂഗിളിന്‍റെ ടിപിയു ചിപ്പുകൾ, ആമസോണിന്റെ ട്രെയിനിയം ചിപ്പുകൾ എന്നിവ അതിന് ഉദാഹരണങ്ങളാണ്.






