
ന്യൂഡൽഹി: ഗ്രാമീണമേഖലയിൽ പാവപ്പെട്ടവർക്ക് ഉപജീവനമാർഗം തുറന്നുകൊടുത്ത മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അത്യാസന്നനിലയിലാണെന്ന് വിദഗ്ധ ഗവേഷകരുടെ പഠനം. എൻജിനിയറിങ് വിദഗ്‌ധരും ഗവേഷകരുമടങ്ങിയ ലിബ്ടെക് ഇന്ത്യ പഠനത്തിലാണ് വെളിപ്പെടുത്തൽ.
കഴിഞ്ഞവർഷത്തെക്കാൾ ഈ വർഷം പദ്ധതിയിലെ സജീവതൊഴിലാളികളുടെ എണ്ണത്തിൽ എട്ടുശതമാനം ഇടിവുണ്ടായി. കേരളത്തിൽ ഈ വർഷം 1,93,947 തൊഴിലാളികൾ പദ്ധതിക്ക് പുറത്തായപ്പോൾ 67,629 തൊഴിലാളികൾ പുതുതായെത്തി. ഫലത്തിൽ കേരളത്തിൽ ഈ വർഷമുണ്ടായ തൊഴിലാളികളുടെ കുറവ് 1,26,318.
തുടർച്ചയായി മൂന്നുവർഷമെങ്കിലും സ്ഥിരമായി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് നേടിയ തൊഴിലാളികളെയാണ് ‘സജീവതൊഴിലാളി’കളായി കണക്കാക്കുക.
ഒന്നാം യു.പി.എ. ഭരണകാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പദ്ധതിയോടുള്ള അധികൃതരുടെ താത്‌പര്യക്കുറവും താഴെത്തട്ടിലെ തൊഴിലാളികളായ ഗുണഭോക്താക്കൾക്ക് അപ്രാപ്യമായവിധത്തിൽ ഏർപ്പെടുത്തിയ രജിസ്ട്രേഷൻ നിബന്ധനകളും പദ്ധതിയുടെ താളം തെറ്റിക്കുന്നെന്നാണ് കണ്ടെത്തൽ.
ആധാർ അധിഷ്ഠിത വേതനവിതരണ സംവിധാനം (എ.ബി.പി.എസ്.) കർക്കശമാക്കിയതാണ് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം തൊഴിലാളികൾക്ക് വിനയായത്. ഈ വർഷം ജനുവരിമുതൽ സംവിധാനം നിർബന്ധമാക്കിയതോടെ 6.73 കോടി തൊഴിലാളികളാണ് പദ്ധതിക്ക് പുറത്തായത്.
മൊത്തം തൊഴിലാളികളുടെ 27.4 ശതമാനം വരുമിത്. മറ്റു മാനദണ്ഡങ്ങളാൽ പുറത്താക്കപ്പെടുന്നവരുമുണ്ട്. ‘സജീവതൊഴിലാളി’കളല്ലാതാവുക പോലുള്ള കാരണങ്ങളുമുണ്ട്.
ആധാർ തൊഴിൽക്കാർഡുമായി ബന്ധിപ്പിക്കൽ, തൊഴിൽക്കാർഡിലെയും ആധാർ കാർഡിലെയും പേരിലെ അക്ഷരങ്ങളടക്കം ഒന്നുതന്നെയെന്ന് ഉറപ്പാക്കൽ, ബാങ്ക് അക്കൗണ്ടിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കൽ, അക്കൗണ്ടിനെ നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ രേഖപ്പെടുത്തൽ എന്നീ കടമ്പകൾ പൂർത്തിയായാൽ മാത്രമേ എ.ബി.പി.എസ്. പരിധിയിലുൾപ്പെടുകയുള്ളൂ.
ഉത്തരേന്ത്യയിലെയടക്കം പാവപ്പെട്ട ജനതയ്ക്ക് ഇത് അപ്രാപ്യമാകുന്നത് ഇക്കാരണത്താലാണ്. കേരളമാണ് ഏറക്കുറെ എ.ബി.പി.എസ്. പൂർത്തീകരണത്തിൽ മുന്നിൽ. കേരളത്തിൽ പലരും സജീവതൊഴിലാളികളാവുന്നില്ലെന്നതാണ് പ്രശ്നം.
എം.എൻ.ആർ.ഇ.ജി. പ്രകാരം ഉത്‌പാദിപ്പിക്കപ്പെടുന്ന തൊഴിൽദിനങ്ങളിൽ 16.6 ശതമാനമാണ് ഇടിവ്. മുൻവർഷം 184 കോടി തൊഴിൽദിനങ്ങളുണ്ടായിരുന്നത് ഈ വർഷം 154 കോടിയായി. ഏറ്റവും കുറവുണ്ടായത് തമിഴ്നാട്ടിലും ഒഡിഷയിലുമാണ്.
മഹാരാഷ്ട്രയിലും ഹിമാചൽപ്രദേശിലും തൊഴിൽദിനങ്ങൾ കൂടി. അഴിമതിയാരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് 2021 മുതൽ പശ്ചിമബംഗാളിൽ തൊഴിലുറപ്പ് പദ്ധതി നിർത്തി. ഇതോടെ, തുടർച്ചയായി മൂന്നുവർഷം തൊഴിലുറപ്പിന്റെ ഭാഗമാകാനുള്ള അവസരം തൊഴിലാളിക്ക് നഷ്ടപ്പെട്ടു. ബംഗാളിൽ ‘സജീവതൊഴിലാളി’കളില്ല, പദ്ധതിയും ‘മരിച്ചു’.
*രാജ്യത്ത് ഈ വർഷം ഒക്ടോബർ 10 വരെയുള്ള സജീവതൊഴിലാളികൾ 13.2 കോടി. കഴിഞ്ഞ വർഷം ഇത് 14.3 കോടി
- മൊത്തം തൊഴിൽക്കാർഡുകൾ – 9.2 കോടി (2024 ഒക്ടോബർ 10 വരെ). 9.7 കോടി (2023 ഒക്ടോബർ 6 വരെ). – കുറവ് ഈ വർഷം 5.7%
- രാജ്യത്തെ മൊത്തം തൊഴിലുറപ്പ് തൊഴിലാളികൾ – 24.6 കോടി
*എ.ബി.പി.എസിൽ ഭാഗമാകാനാവാതെ പുറത്തായത് – 6.73 കോടി (27.4%) - മൊത്തം സജീവതൊഴിലാളികൾ – 12.78 കോടി. ഇതിൽ എ.ബി.പി.എസിൽ ഭാഗമാകാനാവാതെ പുറത്തായത് 54 ലക്ഷം






