
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്ത് സമാനതകളില്ലാത്ത ചരിത്രനേട്ടം കുറിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. കഴിഞ്ഞ മാസം 23.66 ബില്യണ്‍ (2366 കോടിയിലധികം) ഇടപാടുകളാണ് യുപിഐയിലൂടെ വിജയകരമായി പൂര്‍ത്തിയായത്. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതിന്റെയും, സാമ്പത്തിക രംഗത്ത് രാജ്യം കൈവരിച്ച കുതിച്ചുചാട്ടത്തിന്റെയും തിളക്കമാര്‍ന്ന തെളിവാണ് ഈ നേട്ടം.
ഈ നേട്ടത്തിന് കാരണമായ രാജ്യത്തെ ഓരോ പൗരനും ധനകാര്യ സേവന വകുപ്പ് പ്രത്യേക നന്ദി രേഖപ്പെടുത്തി. ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വന്തം ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റി, ഈ മാറ്റത്തെ മുന്നോട്ട് നയിച്ച ജനങ്ങളുടെ സജീവ പങ്കാളിത്തത്തെ ഔദ്യോഗിക സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ വകുപ്പ് വലിയ രീതിയില്‍ അഭിനന്ദിച്ചു.
ചെറുകിട തട്ടുകടകള്‍ മുതല്‍ വലിയ ഷോപ്പിംഗ് മാളുകള്‍ വരെ ഇന്ന് പണമിടപാടുകള്‍ക്കായി പൂര്‍ണ്ണമായും ആശ്രയിക്കുന്നത് യുപിഐയെയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ വന്‍കിട നഗരങ്ങള്‍ വരെ ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപിച്ചതോടെ, നമ്മുടെ സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ സുതാര്യവും വേഗതയേറിയതുമായി മാറി. ഇത് കോടിക്കണക്കിന് സാധാരണക്കാരുടെ ദൈനംദിന ജീവിതം കൂടുതല്‍ ലളിതമാക്കിത്തീര്‍ത്തു.
രാജ്യത്തിന്റെ പണമിടപാട് ശീലങ്ങളെ സമൂഹം മാറ്റിമറിച്ച ഈ സുവര്‍ണ്ണ യാത്ര ഇനിയും കൂടുതല്‍ ശക്തമായി തുടരാന്‍ ധനകാര്യ വകുപ്പ് ജനങ്ങളോട് ആഹ്വാനം ചെയ്തു. അതിവേഗവും സുരക്ഷിതവുമായ ഡിജിറ്റല്‍ ഇന്ത്യയുടെ ഈ മുന്നേറ്റം ഇന്ന് ആഗോളതലത്തില്‍ തന്നെ രാജ്യത്തിന്റെ അഭിമാനവും പെരുമയും ഉയര്‍ത്തിപ്പിടിക്കുന്നതായി മാറിക്കഴിഞ്ഞു.






