
ഗുജറാത്തിൽ മാരുതി സുസുക്കിയുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 5,000 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പദ്ധതിക്ക് കമ്പനി ബോർഡ് അംഗീകാരം നൽകി.
10 ലക്ഷം യൂണിറ്റുകൾ അധികമായി ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്ലാന്റ് കമ്പനി സ്ഥാപിക്കുന്നത്. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്.
പ്രവര്‍ത്തനം പൂർണ ശേഷിയില്‍
നിലവിൽ മാരുതി സുസുക്കിയുടെ വാർഷിക ഉൽപ്പാദന ശേഷി ഏകദേശം 24 ലക്ഷം യൂണിറ്റാണ്. കമ്പനിയുടെ ഹരിയാനയിലെയും ഗുജറാത്തിലെയും പ്ലാന്റുകൾ ഇപ്പോൾ പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്.
വർദ്ധിച്ചുവരുന്ന വാഹന ആവശ്യകത കണക്കിലെടുത്ത്, 2030-31 സാമ്പത്തിക വർഷത്തോടെ വാർഷിക ഉൽപ്പാദനം 40 ലക്ഷം യൂണിറ്റായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് ഗുജറാത്തിലെ പുതിയ പ്ലാന്റ്.
നിർമ്മാണം ഉടൻ ആരംഭിക്കും
കഴിഞ്ഞ കുറച്ചു കാലമായി ഗുജറാത്ത് സർക്കാരുമായി ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ചർച്ചകൾ നടന്നു വരികയായിരുന്നു. 5,000 കോടി രൂപ മുതൽമുടക്കില്‍ ഭൂമി ഏറ്റെടുക്കൽ, പ്ലാന്റിന്റെ വികസനം, തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്താനാണ് ലക്ഷ്യമിടുന്നത്.
പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഖൊരാജ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഈ പുതിയ പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ ഗുജറാത്ത് ഇന്ത്യയിലെ പ്രധാന ഓട്ടോമൊബൈൽ ഹബ്ബായി മാറും.
ഹരിയാനയിലെ ഖാർഖോദയിൽ ഇതിനകം തന്നെ മറ്റൊരു വലിയ പ്ലാന്റ് നിർമ്മാണത്തിലാണ്. ഗുജറാത്തിലെ ഈ പുതിയ വിപുലീകരണവും കൂടി ചേരുന്നതോടെ ഇന്ത്യൻ വിപണിയിലും ആഗോള കയറ്റുമതി രംഗത്തും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുളള ശ്രമങ്ങളിലാണ് കമ്പനി.
മാരുതി സുസുക്കി ഓഹരികള്‍ 16,522 രൂപയില്‍ നേട്ടത്തിലാണ് വ്യാപാരം നടന്നത്.






