
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫാക്ടറി പ്രവര്‍ത്തനങ്ങളില്‍ വീണ്ടെടുപ്പ്. എച്ച്എസ്ബിസി മാനുഫാക്ച്വറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക (പിഎംഐ) ഒക്ടോബറില്‍ 59.2 പോയിന്റ് രേഖപ്പെടുത്തി. സെപ്തംബറിലിത് 57.7 ആയിരുന്നു.
ഉത്സവ സീസണ്‍ ഡിമാന്റും ജിഎസ്ടി പരിഷ്‌ക്കരണവുമാണ് പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയത്. ഇത് തുടര്‍ച്ചയായ അഞ്ചാം മാസമാണ് സൂചിക 58 കടക്കുന്നത്. ആഗോള അനിശ്ചിതത്വത്തിനിടയിലും ഉത്പാദനം ശക്തമാണെന്ന് പ്രവണത കാണിക്കുന്നു. 50 ന് മുകളിലുള്ള റീഡിംഗ് പ്രവര്‍ത്തനങ്ങളിലെ വികാസത്തെയാണ് കുറിക്കുന്നത്.
മൂന്നാംപാദത്തിന് മികച്ച തുടക്കം
ഒക്ടോബറിലെ വളര്‍ച്ച, മികച്ച മൂന്നാംപാദത്തിന്റെ സൂചന നല്‍കി. ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ന്നിരുന്നു. അഞ്ച് പാദങ്ങളിലെ ഉയര്‍ന്ന വളര്‍ച്ചാ തോതാണിത്. എങ്കിലും അവസാന പാദത്തില്‍ വളര്‍ച്ച 6.2 ശതമാനമായി കുറയുമെന്നാണ് അനുമാനിക്കപ്പെടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ ആര്‍ബിഐ വളര്‍ച്ചാ അനുമാനം 6.5 ശതമാനമാണ്.
താരതമ്യേന മെച്ചപ്പെട്ട പ്രകടനം
നിരക്ക് കുറയുമെങ്കിലും ഇന്ത്യ, മറ്റുള്ളവ സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് മികച്ച വളര്‍ച്ചാ തോത് നിലനിര്‍ത്തും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് പ്രധാന അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തിയിട്ടുണ്ട്. അന്തര്‍ദ്ദേശീയ നാണ്യ നിധി 6.6 ശതമാനവും ലോകബാങ്ക് 6.5 ശതമാനവും വളര്‍ച്ചാ തോത് പ്രവചിച്ചു. നേരത്തെ യഥാക്രമം 6.4 ശതമാനവും 6.3 ശതമാനവുമായിരുന്നു.






