
കൊച്ചി: മലയാളിയുടെ മാറുന്ന നിക്ഷേപ താൽപര്യങ്ങളിൽ പ്രിയപ്പെട്ടതായി മ്യൂച്വൽഫണ്ട് നിക്ഷേപം. 2014ൽ കേരളത്തിൽ നിന്നുള്ളവരുടെ ആകെ മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യം 8,400 കോടി രൂപയായിരുന്നെങ്കിൽ 11 വർഷത്തിനിപ്പുറം 2025 ജൂലൈ ആയപ്പോഴേക്കും മൂല്യം 98,408.66 കോടി രൂപയായി കുതിച്ചുയർന്നു. ഒരു ലക്ഷം കോടിയിലേക്കെത്താൻ ഇനി 1,592 കോടി രൂപ മാത്രമാണ് ബാക്കി.
ഓഹരി വിപണിയെയും മ്യൂച്വൽഫണ്ടിനെയും മലയാളികളും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മ്യൂച്വൽഫണ്ടിൽ ഓഹരി അധിഷ്ഠിത (ഇക്വിറ്റി ഓറിയന്റഡ്) സ്കീമുകളോടാണ് മലയാളിക്ക് കൂടുതൽ ഇഷ്ടം. ജൂണിലെ 70,677.86 കോടി രൂപയിൽനിന്ന് ഈ സ്കീമിലെ മൊത്ത നിക്ഷേപം ജൂലൈയിൽ 72,548.96 കോടിയായി കുതിച്ചുകയറി.
അതായത് കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപ മൂല്യത്തിൽ ഏതാണ്ട് മുക്കാലും ഓഹരിയധിഷ്ഠിത സ്കീമുകളിൽ ആണെന്ന് വ്യക്തം.
കടപ്പത്ര അധിഷ്ഠിത സ്കീമുകളുടെ (ലിക്വിഡ് സ്കീമുകൾ) മൊത്ത നിക്ഷേപമൂല്യം ജൂണിലെ 5,142.74 കോടി രൂപയിൽനിന്ന് ജൂലൈയിൽ 7,247.30 കോടി രൂപയായി കുതിച്ചുയർന്നു. മറ്റ് കടപ്പത്ര അധിഷ്ഠിത സ്കീമുകളിലെ (അദർ ഡെറ്റ് ഓറിയന്റഡ്) നിക്ഷേപമൂല്യം 8,378.03 കോടി രൂപയിൽ നിന്ന് 8,898.13 കോടി രൂപയുമായി.
കടപ്പത്രങ്ങളിലും (ഡെറ്റ്) ഓഹരികളിലും (ഇക്വിറ്റി) ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലെ നിക്ഷേപം 7,430.96 കോടി രൂപയിൽ നിന്നുയർന്ന് 7,587.55 കോടി രൂപയിലുമെത്തി.
അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) പുത്തൻ കണക്കുപ്രകാരം ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഗോൾഡ് ഇടിഎഫ്) കേരളത്തിൽ നിന്നുള്ള ആകെ നിക്ഷേപമൂല്യം ജൂണിൽ 339.57 കോടി രൂപയായിരുന്നു. ജൂലൈയിൽ അത് 355.08 കോടി രൂപയായി.
കോവിഡിനുശേഷമാണ് കേരളത്തിൽനിന്നുള്ള മ്യൂച്വൽഫണ്ട് നിക്ഷേപത്തിന്റെ കുതിപ്പ് ശക്തമായതെന്ന് ആംഫിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒറ്റവർഷത്തെ കണക്കുനോക്കിയാലും മ്യൂച്വൽഫണ്ടിലെ എല്ലാ നിക്ഷേപ വിഭാഗങ്ങളിലും കേരളീയരുടെ നിക്ഷേപമൂല്യം ഉയർന്നിട്ടുണ്ട്.