
കൊച്ചി: മലയാളി ടെക് സംരംഭകൻ സഹസ്ഥാപകനായ അമേരിക്കൻ സ്റ്റാർട്ടപ് കമ്പനിയായ ഡെക്കഗൺ സമാഹരിച്ചത് 131 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1094 കോടി രൂപ) നിക്ഷേപം.
കമ്പനിയുടെ മൂല്യം 150 കോടി ഡോളറായി (ഏകദേശം 12,910 കോടി രൂപ) ഉയർന്നു. 2023 ആരംഭിച്ച സ്റ്റാർട്ടപ് കഷ്ടിച്ചു രണ്ടു വർഷം കൊണ്ടു നേടിയതു യൂണികോൺ കമ്പനിയെന്ന പദവി.
മലയാളിയായ അശ്വിൻ ശ്രീനിവാസനും യുഎസ് പൗരനായ ജെസി ഷാങ്ങും ചേർന്ന് 2023ൽ ആരംഭിച്ച ഡെക്കഗൺ ഉപഭോക്തൃ സേവനത്തിനുള്ള നിർമിതബുദ്ധി (എഐ) അധിഷ്ഠിത ആപ്ലിക്കേഷൻസാണു ലഭ്യമാക്കുന്നത്. ചാറ്റ്, ഇമെയിൽ പോലുള്ള ടെക്സ്റ്റ് അധിഷ്ഠിത എഐ സൊല്യൂഷനുകളും എഐ വോയ്സ് ഏജന്റുകളും ഉൾപ്പെടെ.
എഐസിസി മുൻ സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണന്റെയും സെന്റ് തെരേസാസ് കോളജിലെ ഇംഗ്ലിഷ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ.പ്രീതി ശ്രീനിവാസന്റെയും മകനായ അശ്വിൻ തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ പഠനശേഷമാണ് ഉപരിപഠനത്തിനായി യുഎസിലേക്കു ചേക്കേറിയത്.
കംപ്യൂട്ടർ സയൻസിൽ ബിരുദവും എഐയിൽ ബിരുദാനന്തര ബിരുദവും നേടിയതു കലിഫോർണിയയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന്.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ കമ്പനിയുടെ സീരീസ് സി ഫണ്ടിങ് റൗണ്ടിനു നേതൃത്വം നൽകിയത് വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനങ്ങളായ ആക്സലും ആൻഡ്രീസൻ ഹൊറോവിറ്റ്സുമാണ്.
നിർമിതബുദ്ധി ഉപയോഗിച്ച് ഉപഭോക്തൃ സേവനം നൽകുന്ന സ്റ്റാർട്ടപ്പുകളിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള ഒന്നായി ഡെക്കാഗൺ മാറി.
പുതിയതായി ലഭിച്ച നിക്ഷേപം യൂറോപ്പിലേക്കും കൂടുതൽ വൻകിട സ്ഥാപനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നതിന് ഉപയോഗിക്കുമെന്ന് അശ്വിനും സിഇഒ ജെസ്സി ഷാങ്ങും പറഞ്ഞു.