ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

ആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്

തിരുവനന്തപുരം: കേരളത്തോട് ചേർന്നുള്ള ആഴക്കടലിൽ വൻ എണ്ണ/പ്രകൃതിവാതക സമ്പത്തുണ്ടെന്ന് കരുതുന്ന മേഖലയിൽ ഡ്രില്ലിങ്ങിന് തുടക്കമിട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ.

കേരളത്തിന്റെ തെക്കേ അറ്റം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന കേരള-കൊങ്കൺ ബേസിനിൽ, കൊല്ലത്തോട് ചേർന്നാണ് പര്യവേക്ഷണം. ഇക്കാര്യം സ്ഥിരീകരിച്ച കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, ഊർജ സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇതൊരു വൻ കുതിച്ചുചാട്ടമാണെന്ന് എക്സിൽ വ്യക്തമാക്കി.

നിലവിൽ ഉപഭോഗത്തിനുള്ള 85-90% ക്രൂഡ് ഓയിലിനും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിനുള്ള പ്രകൃതിവാതകത്തിൽ 50 ശതമാനവും ഇറക്കുമതിയാണ്. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ച് ഇറക്കുമതി ആശ്രയത്വം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഇതിന്റെ ഭാഗമായാണ് കേരള-കൊങ്കൺ മേഖലയിലെ പര്യവേക്ഷണം. അടുത്തിടെ, ആൻഡമാൻ മേഖലയിലും വൻ എണ്ണശേഖരമുണ്ടെന്ന് കരുതുന്ന പ്രദേശത്ത് ഇന്ത്യ പര്യവേക്ഷണ നടപടികൾക്ക് തുടക്കമിട്ടിരുന്നു.

കേരള-കൊങ്കൺ മേഖലയിൽ, കൊല്ലം തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ഓയിൽ‌ ഇന്ത്യയുടെ പര്യവേക്ഷണം. 6,000 മീറ്റർ ആഴത്തിലുള്ള ഡ്രില്ലിങ് (കാറ്റഗറി-3 ബേസിൻ) ഇന്ത്യയിലെ ഏറ്റവും ആഴമേറിയ എണ്ണക്കിണർ ആയിരിക്കുമെന്ന് ഹർദീപ് സിങ് പുരി പറ‍ഞ്ഞു. എണ്ണഖനന നടപടികളുടെ ഭാഗമായി ഓയിൽ ഇന്ത്യ അടുത്തിടെ ഫ്രഞ്ച് ഊർജ കമ്പനിയായ ടോട്ടൽ എനർജീസുമായി സാങ്കേതിക സഹകരണത്തിന് കരാർ ഒപ്പുവച്ചിരുന്നു.

ഇന്ത്യയ്ക്ക് ഏകദേശം 3.5 മില്യൻ ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ എണ്ണ സമ്പത്തുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഇതിൽ 8% വരെ മേഖലയിൽ മാത്രമേ ഇതുവരെ പര്യവേക്ഷണ നടപടികളുണ്ടായിട്ടുള്ളൂ. അതായത്, ഇന്ത്യയ്ക്ക് മുന്നിൽ വലിയ സാധ്യതകളാണുള്ളതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

നേരത്തേ കൊല്ലം, കൊച്ചി-കൊടുങ്ങല്ലൂർ ആഴക്കടലുകളിൽ എണ്ണശേഖരമുണ്ടെന്ന് കരുതുന്ന മേഖലയിൽ ബ്രിട്ടീഷ് കമ്പനിയായ ഡോൾഫിൻ ഡ്രില്ലിങ്ങുമായി ചേർ‌ന്ന് ഓയിൽ ഇന്ത്യ പര്യവേക്ഷണത്തിന് ഒരുക്കം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഡ്രില്ലിങ് നടപടികൾ. പര്യവേക്ഷണം വിജയകരമായാൽ കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്കും അതു വലിയ കുതിച്ചുചാട്ടമാകും.

X
Top