
മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസിന്റെ രണ്ടാം പാദ അറ്റാദായം 56.32 ശതമാനം ഇടിഞ്ഞ് 448.33 കോടി രൂപയായി കുറഞ്ഞു. അതേസമയം കമ്പനിയുടെ മൊത്ത വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിലെ 2,522.39 കോടി രൂപയിൽ നിന്ന് 3.4 ശതമാനം വർധിച്ച് 2,609.32 കോടി രൂപയായി.
കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം 610.71 കോടി രൂപയാണ്. 2021 സെപ്റ്റംബർ പാദത്തിൽ ഇത് 1,383.07 കോടി രൂപയായിരുന്നു. പ്രസ്തുത പാദത്തിൽ കമ്പനിയുടെ അറ്റ പലിശ വരുമാനം (NII) 2% വർധിച്ച് 1,540 കോടി രൂപയായപ്പോൾ അറ്റ പലിശ മാർജിൻ (NIM) 7.5% ആയിരുന്നു.
ഈ പാദത്തിൽ മഹീന്ദ്ര ഫിനാൻസ് 11,824 കോടി രൂപയുടെ വായ്പ വിതരണം രേഖപ്പെടുത്തി. ഒപ്പം കമ്പനിയുടെ ശേഖരണ കാര്യക്ഷമത ശക്തമായി തുടർന്നു. നിലവിൽ കമ്പനിക്ക് 73,817 കോടി രൂപയുടെ ലോൺ ബുക്ക് ഉണ്ട്. ഡിജിറ്റൈസേഷൻ, പങ്കാളിത്തം, പരിവർത്തന പദ്ധതികൾ എന്നിവയിൽ കമ്പനി നിക്ഷേപം തുടർന്നതായി മഹീന്ദ്ര ഫിനാൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് (മഹീന്ദ്ര ഫിനാൻസ്) ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നാണ്. ഗ്രാമീണ, അർദ്ധ നഗര മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിക്ക് 8.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
ബിഎസ്ഇയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികൾ 9.61 ശതമാനം ഉയർന്ന് 212.20 രൂപയിലെത്തി.