ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

എം.എ യൂസഫലി: മലയാളി സംരംഭകത്വത്തിന്റെ ആഗോള അംബാസഡർ

മലയാളിയുടെ സംരംഭക വീര്യത്തെ ഗള്‍ഫിലെ മണല്‍പ്പരപ്പിന്റെ വിശാലത പരുവപ്പെടുത്തിയപ്പോള്‍ കേരളത്തിന് ലഭിച്ചത് എം. എ. യൂസഫലിയെന്ന സംരംഭക പ്രതിഭയെ ആയിരുന്നു. തൃശൂര്‍ ജില്ലയിലെ നാട്ടികയെന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ആദ്യം അഹമ്മദാബാദിലേക്കും പിന്നീട് പതിനെട്ടാമത്തെ വയസില്‍ ദുബായിലേക്കും വ്യാപാരത്തിനായി എത്തിയ അദ്ദേഹം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തുകൊണ്ടാണ് സംരംഭകത്വത്തിന്റെ ആദ്യ ചുവടുവയ്പുകള്‍ നടത്തിയത്. 1989-ല്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന പുതിയ ബിസിനസ് ആശയം നടപ്പാക്കാന്‍ വേദിയായതും ദുബായ് തന്നെ.

പുതിയ സംരംഭം വിജയമായതിനെ തുടര്‍ന്ന് അബുദാബിയില്‍ അതി വിപുലമായ സൗകര്യങ്ങളോടെ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാനൊരുങ്ങിയ യൂസഫലിയെ കാത്തിരുന്നത് ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നുള്ള പരീക്ഷണങ്ങളുടെ നാളുകളായിരുന്നു. യുദ്ധത്തെ തുടര്‍ന്ന് മലയാളികളില്‍ പലരും നാടുവിട്ടെങ്കിലും പ്രതിസന്ധികള്‍ക്കിടയില്‍ പിടിച്ചു നിന്നത് വഴിത്തിരിവായി. എം. എ.യൂസഫലിയുടേയും അദ്ദേഹത്തിന്റെ ലുലു ഗ്രൂപ്പിന്റെയും കുതിപ്പിന്റെ നാളുകളായിരുന്നു പിന്നീട്. ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഷോപ്പിംഗ് മാളുകളിലേക്കും കണ്‍വെന്‍ഷന്‍ സെന്ററുകളിലേക്കും ക്രമാനുഗതമായ വളര്‍ച്ച. ഇംപോര്‍ട്ട് & എക്‌സ്‌പോര്‍ട്ട്, ഷിപ്പിംഗ്, ഐടി, ഹോട്ടല്‍, ട്രാവല്‍ & ടൂറിസം, ബാങ്കിംഗ് തുടങ്ങി നിരവധി മേഖലകളില്‍ ലുലു ഗ്രൂപ്പ് നിര്‍ണായക ശക്തിയായി മാറി.

2013-ല്‍ കൊച്ചി ലുലു മാളിലൂടെ കേരളത്തിലെ സംരംഭക യാത്രയ്ക്ക് തുടക്കം. ഷോപ്പിംഗ് മാളുകള്‍ക്ക് പുറമെ ഹോസ്പിറ്റാലിറ്റി രംഗത്തെ ഒട്ടനവധി ഐക്കോണിക് പ്രൊജക്ടുകള്‍. കേരളത്തിന് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് അതിവേഗമുള്ള വളര്‍ച്ച. സംസ്ഥാനത്തെ മുന്‍നിര ബാങ്കുകളിലും ഐടി മേഖലയിലും തന്ത്രപരമായ നിക്ഷേപങ്ങള്‍. അതിവേഗം വളരുകയാണ് എം. എ. യൂസഫലിയുടെ ബിസിനസ് സാമ്രാജ്യം. ഫോബ്‌സിന്റെ ലോക സമ്പന്ന പട്ടികയിലെ മലയാളികളില്‍ യൂസഫലിയുടെ പേര് തുടര്‍ച്ചയായി മുന്നിലുണ്ട്. പ്രധാനമന്ത്രിയുടെ അന്തര്‍ദേശീയ ഉപദേശക സമിതി അംഗം, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് അംഗം, വിദേശ ഇന്ത്യക്കാര്‍ക്കായുള്ള ഇന്ത്യ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ മെംബര്‍ എന്നിങ്ങനെ വിവിധ ചുമതലകള്‍. 2005-ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരവും 2008-ല്‍ പത്മശ്രീബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.

X
Top