
റിസർവ് ബാങ്കിന്റെ അംഗീകാരമുള്ള വ്യാപാര കുടിശ്ശിക ബിൽ ഡിസ്കൗണ്ടിംഗ് സംവിധാനമായ എം1എക്സ്ചേഞ്ച് കേരളത്തിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നു. കയറ്റുമതി, നിർമാണം, ചരക്ക് ഗതാഗതം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഈടില്ലാതെ വേഗത്തിൽ ഇൻവോയ്സ് ധനസഹായം ലഭ്യമാക്കി പ്രവർത്തന മൂലധന ലഭ്യത മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
നിലവിൽ കേരളത്തിൽ നിന്നുള്ള 2,000-ത്തിലധികം സ്ഥാപനങ്ങൾ ഈ സംവിധാനത്തിന്റെ ഭാഗമായിട്ടുണ്ടെന്നും സംസ്ഥാനത്ത് നിന്നുള്ള ഏകദേശം 12,000 കോടി രൂപയുടെ ഇൻവോയ്സുകൾ പ്ലാറ്റ്ഫോമിലൂടെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
കേരളത്തിലെ ശക്തമായ സംരംഭകത്വവും വളർന്നുവരുന്ന കയറ്റുമതി മേഖലയുമാണ് സംസ്ഥാനത്തെ സംരംഭങ്ങൾക്ക് വലിയ സാധ്യതകൾ സൃഷ്ടിക്കുന്നതെന്ന് എം1എക്സ്ചേഞ്ച് പ്രമോട്ടറും ഡയറക്ടറുമായ സുന്ദീപ് മൊഹീന്ദ്രു പറഞ്ഞു.
വ്യാപാര കുടിശ്ശിക ബിൽ ഡിസ്കൗണ്ടിംഗ് സംവിധാനത്തെക്കുറിച്ചുള്ള അവബോധം വർധിക്കുന്നതോടെ കൂടുതൽ സ്ഥാപനങ്ങൾക്ക് പണലഭ്യത മെച്ചപ്പെടുത്താനും വളർച്ച വേഗത്തിലാക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ 3.30 ലക്ഷം കോടി രൂപയിലധികം ഇൻവോയ്സ് ധനസഹായം എം1എക്സ്ചേഞ്ചിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. 15,000-ത്തിലധികം വൻകിട സ്ഥാപനങ്ങളും 90,000-ത്തിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും 80 ധനകാര്യ സ്ഥാപനങ്ങളും ഈ സംവിധാനത്തിന്റെ ഭാഗമാണ്.
കേരളത്തിൽ കൂടുതൽ സംരംഭങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് ഔപചാരിക ധനസഹായ സംവിധാനങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.






