മുംബൈ: രാജ്യത്ത് ആഡംബരഭവനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്.
ഏഴ് പ്രമുഖ നഗരങ്ങളിൽ നാല് കോടി രൂപയോ അതിലധികമോ വിലയുള്ള പാർപ്പിടങ്ങളുടെ ആവശ്യകതയിൽ 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 27 ശതമാനം വർധനവുണ്ടായതായി പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ സിബിആർഇ (CBRE) വ്യക്തമാക്കുന്നു.
ഇക്കാലയളവിൽ ഏകദേശം 8,500 വീടുകളുടെ വിപണനം നടന്നതായാണ് സിബിആർഇയുടെ റിപ്പോർട്ട്.
ഇന്ത്യയുടെ ആഡംബരഭവനമേഖലയിൽ പ്രബലമായ വിപണനവർധനവ് രേഖപ്പെടുത്തിയതായി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ‘ഇന്ത്യ മാർക്കറ്റ് മോണിറ്റർ ക്യു2 2024’ ( India Market Monitor Q2 2024 ) റിപ്പോർട്ടിൽ സിബിആർഇ പറയുന്നു.
2023 ജനുവരി-ജൂൺ കാലയളവിലുണ്ടായിരുന്നതിനേക്കാൾ കൂടുതലാണ് 2024ൽ സമാനകാലയളവിൽ ഉണ്ടായിരിക്കുന്നത്.
ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ആഡംബരവീടുകൾക്ക് ആവശ്യക്കാരേറിയത്. ഏഴ് പ്രമുഖ നഗരങ്ങളിലെ മൊത്തം ഡിമാൻഡിന്റെ 84 ശതമാനത്തോളം ഈ മൂന്ന് നഗരങ്ങളിലാണ്.
പുണെയിലാകട്ടെ ആഡംബരവീടുകളുടെ വിൽപനയിൽ ആറ് മടങ്ങോളം വാർഷികവർധനവ് ഇക്കാലയളവിൽ രേഖപ്പെടുത്തി. ഡൽഹിയിലും മുംബൈയിലും 14 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്.
പുണെയിൽ 1,100, ഡൽഹിയിൽ 3,300, മുംബൈയിൽ 2,500 എന്നിങ്ങനെയാണ് പുതിയ ആഡംബരഭവനങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടായത്.
ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു എന്നീ നഗരങ്ങളിൽ ആഡംബരവീടുകൾക്ക് ആവശ്യക്കാരുണ്ടെങ്കിലും എണ്ണം കുറവായിരുന്നു. ബെംഗളൂരുവിലാകട്ടെ ഈ കാലയളവിൽ ആഡംബരഭവനത്തിന് ഒരു ആവശ്യക്കാരൻ പോലും എത്തിയില്ലെന്നത് ആശ്ചര്യകരമായ വസ്തുതയാണ്.
വർഷത്തിന്റെ ബാക്കി കാലയളവിലും ഭവന വിപണിയിൽ വലിയ ഡിമാൻഡ് തുടരാനാണ് സാധ്യതയെന്ന് സിബിആർഇയുടെ ചെയർമാൻ ആൻഡ് സിഇഒ-ഇന്ത്യ അൻഷുമാൻ മാഗസിൻ പറയുന്നു.
ഭവനം സ്വന്തമാക്കുന്നതിന് ലഭ്യമായ ഇളവുകളും ആനുകൂല്യങ്ങളും, ഉത്സവകാല ആനുകൂല്യങ്ങൾ, മറ്റനുകൂല ഘടകങ്ങൾ തുടങ്ങിയവയെല്ലാം ഭവന വിപണിയിൽ അനുകൂലമായി വർത്തിക്കുമെന്നും അൻഷുമാൻ മാഗസിൻ കൂട്ടിച്ചേർക്കുന്നു.
ഈ ഘടകങ്ങൾ ആവശ്യകതയും ലഭ്യതയും സന്തുലിതമാക്കുകയും വിപണിയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഡംബരഭവനമേഖല, പ്രത്യേകിച്ച് നാല് കോടിയോ അതിലധികമോ വിലയുള്ള ഭവനങ്ങൾ ആഡംബരസൗകര്യങ്ങൾ തിരയുന്ന ഉപഭോക്താവിന് സംതൃപ്തിയേകുന്നുണ്ട്.
പാർപ്പിടങ്ങളുടെ ഗുണനിലവാരം, സ്ഥാനം, പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിവയെല്ലാം ഉപഭോക്താക്കളുടെ ആവശ്യതയെ സ്വാധീനിക്കുന്നുണ്ടെന്നും അൻഷുമാൻ മാഗസിൻ പറഞ്ഞു.
രാജ്യത്തുടനീളം നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും റിയൽ എസ്റ്റേറ്റ് വിപണയിൽ ഉത്തേജനമുളവാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.