
തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ സാന്നിധ്യം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കില്‍ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്‌സ് ഹബ്ബും പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മെയ് എക്‌സ്‌പോര്‍ട്ട് പ്രാദേശിക ഓഫീസും ലോജിസ്റ്റിക്‌സ് ഹബ്ബും തായ്‌ലാന്‍ഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുന്‍ ഉദ്ഘാടനം ചെയ്തു. തായ്ലാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും തായ് ഉത്പന്നങ്ങളുടെ മികവ് ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമക്കാന്‍ മികച്ച പിന്തുണയാണ് ലുലു നല്‍കുന്നതെന്നും സുഫാജി സുതുമ്പുന്‍ പറഞ്ഞു.
കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ ഉല്‍ക്കൊള്ളുന്ന ലോജിസ്റ്റിക്‌സ് ഹബ്ബ് തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.എ. യൂസഹലി പറഞ്ഞു. 27 വര്‍ഷമായി ലുലു തായ്ലാന്‍ഡിലെ വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തായ്ലാന്‍ഡില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കൂടുതലായി വിപണിയിലെത്തിക്കാന്‍ പുതിയ ഹബ്ബ് സഹായകരമാകും.
ഉപയോക്താക്കള്‍ക്ക് ഏറെ താത്പര്യമുള്ള തായ് ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പെടെ ഉല്പന്നങ്ങള്‍ കൂടുതലായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. അരി, പഴം-പച്ചക്കറി, ഗാര്‍മെന്റ്‌സ്, സ്റ്റേഷനറി അടക്കം 4000-ത്തിലധികം ഉത്പന്നങ്ങള്‍ നിലവില്‍ ലുലു തായ്ലാന്‍ഡില്‍ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്.






