
‘ലോക ചാപ്റ്റർ-1 :ചന്ദ്ര’ എന്ന മലയാള സിനിമ സമകാലിക സിനിമാ വിജയത്തിന്റെ അളവ് കോലൂകളിൽ ഒന്നായ 100കോടി കടന്നിരിക്കുന്നു. സംവിധാനം, കഥ, തിരക്കഥ, അഭിനയം, ക്യാമറ,സംഘട്ടനം, സംഗീതം, നിർമ്മാണം, എന്നിങ്ങനെ ചിത്രത്തിന്റെ എല്ലാ മേഖലകളും മികവ് പുലർത്തിയിട്ടുണ്ട്. ഈ വിജയം മലയാള സിനിമാ വ്യവസായത്തിന്റെ ഭാവിയെപ്പറ്റി ചില വേറിട്ട ചിന്തകൾ ഉയർത്തുന്നുണ്ട്. കേട്ട് തഴമ്പിച്ച കഥകളെപ്പോലും ആഖ്യാനത്തിലെ വ്യത്യസ്തതയും സാങ്കേതിക മികവും സമുന്വയിപ്പിച്ച് അവതരിപ്പിച്ചാൽ പ്രേക്ഷകർ സഹർഷം സ്വീകരിക്കും എന്നതാണ് അതിൽ പ്രധാനം. തന്റെ രണ്ടാമത്തെ സിനിമയിലൂടെത്തന്നെ സാമ്പ്രദായിക മലയാള സിനിമാ സങ്കൽപ്പങ്ങളെ മാറ്റിയെഴുതാൻ ചിത്രത്തിന്റെ സംവിധായകൻ ഡൊമിനിക് അരുണിന് സാധിച്ചിട്ടുണ്ട്.
ലോകത്തെ എല്ലാ നാടുകൾക്കും അവരവരുടെ പാരമ്പര്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന നിരവധി കഥകളുണ്ട്. അപൂർവ്വ ശക്തികൾക്കുടമകളായ കഥാപാത്രങ്ങൾക്ക് ക്ഷാമമില്ലാത്ത പുരാണങ്ങളും, ഐതിഹ്യങ്ങളും, മിത്തുകളും നിറഞ്ഞതാണ് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ച കൊച്ചു കേരളത്തിനുമുണ്ട് യക്ഷി, മാടൻ, ചാത്തൻ, ഒടിയൻ, മറുത എന്നിങ്ങനെയുള്ള നല്ലവരും ദുഷ്ടരുമായ നിരവധി തദ്ദേശീയ സൂപ്പർ ശക്തികൾ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ മാത്രം എത്രയെത്ര കഥാപാത്രങ്ങൾ!!
എന്നാൽ അമർ ചിത്രകഥകൾക്കും കുറച്ച് കാർട്ടൂൺ കഥാപാത്രങ്ങൾക്കുമപ്പുറം മാർവലും, ഡിസ്നിയുമൊക്കെ അവതരിപ്പിച്ച സൂപ്പർ ഹീറോകളെപ്പോലെ അഭ്രപാളികളിലേക്കെത്താൻ നമ്മുടെ അമാനുഷികർക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ശക്തിമാൻ, മിസ്റ്റർ ഇന്ത്യ, ഹനുമാൻ, റാ-വൺ, കൃഷ്, ബാഹുബലി എന്നിങ്ങനെ നിരവധി ഇന്ത്യൻ സൂപ്പർ ഹീറോകൾ സൃഷിക്കപ്പെട്ടെങ്കിലും ഒരു മിന്നൽ മുരളി മാത്രമായിരുന്നു അക്കൂട്ടത്തിൽ നമ്മുടെ പ്രതിനിധി. അവിടെയാണ് ലോകയുടെ പ്രധാന്യം. കഥയും, തിരക്കഥയും, സംവിധാനവും പരമ്പരാഗത യക്ഷി സങ്കൽപ്പത്തെ വ്യത്യസ്തമായി അവതരിപ്പിച്ചപ്പോൾ നമുക്ക് ലഭിച്ചത് മലയാളത്തിന്റെ സ്വന്തം സൂപ്പർ വുമണിനെയാണ്.
ചന്ദ്രയുടെ വേഷം മനോഹരമാക്കിയ കല്യാണി പ്രിയദർശൻ സിനിമയിൽ അച്ഛന്റെ മേൽവിലാസത്തിൽ അറിയപ്പെടേണ്ടവൾ അല്ല താനെന്ന് ഉറപ്പിക്കുന്നുണ്ട്. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പും, അവരുടെ പ്രകടനവും ചിത്രത്തിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. നിർമ്മാണത്തിലെ വേറിട്ട സമീപനമാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ മറ്റ് സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് വളരെ ചെറുതാണ് മലയാള സിനിമാ വ്യവസായം. വൻതുക മടക്കി ഉയർന്ന സാങ്കേതിക നിലവാരമുള്ള സിനിമ പിടിക്കുക എന്നത് മലയാള സിനിമാ നിർമ്മാതാക്കൾക്ക് എന്നും വെല്ലുവിളിയാണ്.
ലോക സിനിമയിലെ നിരവധി സൂപ്പർ ശക്തികളെ കണ്ടു ശീലിച്ച, ഓരോ സിനിമയെയും അത്രമേൽ ഇഴകീറി പരിശോധിക്കുന്ന മലയാളികളുടെ മുന്നിലേക്ക് ഒരു സൂപ്പർ ഹീറോയെ അതും ഒരു വനിതാ സൂപ്പർ ഹീറോയെ ഇറക്കിക്കളിക്കണമെങ്കിൽ ചെറിയ ധൈര്യം ഒന്നും പോര. അവിടെയാണ് ദുൽഖർ സൽമാൻ എന്ന നിർമ്മാതാവും അദ്ദേഹത്തിന്റെ വേഫെയറർ സിനിമാ കമ്പനിയും പുതിയ ചരിത്രം എഴുതുന്നത്. അഭിനേതാക്കൾക്ക് നൽകുന്ന പ്രതിഫലത്തേക്കാൾ സാങ്കേതിക മികവിന് മുതൽമുടക്കുക എന്നത് എളുപ്പത്തിൽ സാധിക്കുന്ന ഒന്നല്ല. കേരളം എന്ന ചെറിയ തട്ടകത്തിനപ്പുറം, പാൻ ഇന്ത്യൻ തലത്തിലോ, ആഗോള തലത്തിലോ വിപണന സാധ്യതയുള്ള പ്രമേയത്തെ കണ്ടെത്തുക എന്നതും സുപ്രധാനമാണെന്ന് വേഫെയറർ പറയാതെ പറയുന്നുണ്ട്. വരും നാളുകളിൽ ഇതേ സമീപനം സ്വീകരിക്കാൻ മറ്റ് നിർമ്മാതാക്കളും തയ്യാറായാൽ മലയാള സിനിമയുടെ മറ്റൊരു യുഗം പിറക്കും എന്നതിൽ തർക്കമില്ല.

സുദീപ് സെബാസ്റ്റ്യൻ
(കോർപ്പറേറ്റ് ട്രെയിനറും, അഭിനേതാവും, സീനിയർ ജേർണലിസ്റ്റുമാണ് ലേഖകൻ)