
- റിക്കവറി ഏജന്റുമാർക്ക് കർശന വ്യവസ്ഥകൾ
മുംബൈ: വായ്പ തിരിച്ച് പിടിക്കുന്ന നടപടികളിൽ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക്. റിക്കവറി ഏജന്റുമാരുടെ ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകൾ വ്യക്തമായ നയമുണ്ടാക്കുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം.
ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇതുസംബന്ധിച്ച് കരട് നിർദേശങ്ങൾ ആർബിഐ പുറത്തിറക്കി. മാർച്ച് ആറിനകം പൊതുജനങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും അഭിപ്രായം അറിയിക്കാം.
വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് വായ്പക്കാരോട് മാന്യമായി പെരുമാറുക, ഈടായ നൽകിയ വസ്തുവകകൾ ഏറ്റെടുക്കുന്നതിന് വ്യക്തമായ ചട്ടമുണ്ടാക്കുക, റിക്കവറി ഏജന്റുമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, റിക്കവറി ഏജന്റുമാർക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കുക, വായ്പക്കാർക്ക് പരാതി അറിയിക്കാൻ സംവിധാനം ഉണ്ടാക്കുക എന്നിവയാണ് നിർദേശങ്ങൾ. വായ്പക്കാരെ മാനസികമായോ ശാരീരികമായോ ആക്രമിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
വായ്പ തിരിച്ചുപിടിക്കാൻ ഏർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക ബാങ്ക് ശാഖകളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതിന് മുമ്പ് ഇക്കാര്യം വായ്പക്കാരനെ അറിയിച്ചിരിക്കണം. വായ്പക്കാരൻ നൽകിയ പരാതി തീർപ്പാക്കുന്നതുവരെ ഏജന്റിനെ ചുമതലപ്പെടുരുത്.
വായ്പക്കാരുമായി നടത്തുന്ന എല്ലാ സംഭാഷണങ്ങളും റെക്കോഡ് ചെയ്യണം. മൊബൈലിൽ വിളിക്കുന്ന സമയവും നമ്പറും കൃത്യമായി രേഖപ്പെടുത്തണം, സംഭാഷണം റെക്കോഡ് ചെയ്യുന്നുണ്ടെന്ന് വായ്പക്കാരെ മുൻകൂട്ടി അറിയിക്കുകയും ചെയ്യണമെന്ന് പുതുക്കിയ വ്യവസ്ഥകളിൽ പറയുന്നു.
വിലക്ക് ഇപ്രകാരം
അധിക്ഷേപകരമോ ഭീഷണിപ്പെടുത്തുന്നതോ ആയ ഭാഷ ഉപയോഗിക്കുക.
മൊബൈലിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ ഉചിതമല്ലാത്ത സന്ദേശങ്ങൾ അയക്കുക.
കൂടുതൽ തവണ വിളിക്കുകയോ നിശ്ചിത സമയത്തിന് ശേഷം വിളിക്കുകയോ ചെയ്യുക.
ഭീഷണിപ്പെടുത്തുന്ന കോളുകൾ അല്ലെങ്കിൽ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ.
വായ്പക്കാരെയോ അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ പരസ്യമായി അപമാനിക്കുകയോ സ്വകാര്യതയിലേക്ക് കടന്നുകയറുകയും ചെയ്യുക.
വായ്പക്കാരെയോ കുടുംബത്തെയോ ഭീഷണിപ്പെടുത്തുക.
വായ്പയുടെ തുകയെക്കുറിച്ചോ തിരിച്ചടച്ചില്ലെങ്കിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ നൽകി വഞ്ചിക്കുക.






