
”നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്ന കേരളത്തിലെ കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളികളുടെയും ഉണര്‍ത്തുപാട്ട് ഇവിടത്തെ ഭൂവുടമാ ബന്ധത്തെ ശക്തമായി സ്വാധീനിച്ച ഈരടികളായിരുന്നു. സാമൂഹിക വിപ്ലവത്തോടൊപ്പം സ്ഥിതിസമത്വത്തിന്റെ കാഹളം മുഴക്കി മുന്നേറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1957-ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ കാര്‍ഷികബന്ധ നിയമം നടപ്പാക്കാന്‍ ശ്രമിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. കാര്‍ഷിക പരിഷ്‌കരണം മുന്നോട്ടു കൊണ്ടുപോകുന്നതിനും കേരളത്തിലെ കൃഷിക്കാരുടെ ഐക്യബോധവും പ്രത്യാശയും വളര്‍ത്തുന്നതിലും ചരിത്ര പ്രധാനമായ പങ്കാണ് കേരള കാര്‍ഷികബന്ധ നിയമം നിര്‍വഹിച്ചത്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് ആക്കംകൂട്ടിയ പ്രധാനഘടകങ്ങളില്‍ ഒന്നായിരുന്നു ഭൂപരിഷ്‌കരണ നീക്കങ്ങള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഭജനത്തിന് മുമ്പേ അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ഒരുപോലെ വേരുപിടിച്ച ആശയം. 1957-ലെ ഇംഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ആറാം ദിവസം കുടിയൊഴിപ്പിക്കല്‍ നിര്‍ത്തലാക്കി കൊണ്ട് ഇറക്കിയ ഓര്‍ഡിനന്‍സിലൂടെയാണ് സംസ്ഥാനത്തെ ഭൂപരിഷ്‌കരണ നടപടികളുടെ തുടക്കം. തുടര്‍ന്ന് 1957 ഡിസംബറിലാണ് റവന്യുമന്ത്രിയായ കെആര്‍ ഗൗരിയമ്മ വിപ്ലവകരമായ കാര്‍ഷികബന്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. 124 മണിക്കൂര്‍ നീണ്ട വകുപ്പ് തിരിച്ചുളള ചര്‍ച്ചകള്‍ക്ക് ശേഷമാണ് 1959 ജൂണില്‍ ബില്‍ നിയമമായത്.
ബില്ലില്‍ കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുക, പാട്ട വ്യവസ്ഥകള്‍ റദ്ദാക്കുക, എല്ലാ കുടിയാന്‍മര്‍ക്കും കുടിയായ്മ അവകാശവും സ്ഥിരാവകാശവും നല്‍കുക, ഒഴിപ്പിക്കല്‍ പൂര്‍ണ്ണമായി തടയുക, കുടിയാന്റെ കൈവശഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിന് കുടിയാന് അവകാശം ലഭ്യമാക്കുക, ഭൂമിയില്ലാത്ത കര്‍ഷക തൊഴിലാളികള്‍ക്കും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കും മിച്ചഭൂമി വിതരണം ചെയ്യുക, ജന്മിത്തം അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന വകുപ്പുകള്‍ ഉണ്ടായിരുന്നു.
ബില്ലിനെതിരെ ഭൂവുടമകളില്‍ നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നു. ബില്ലില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് ബില്‍ മടക്കി. ഏകദേശം ഒരുമാസത്തിന് ശേഷം സര്‍ക്കാറിനെ കേന്ദ്രം പിരിച്ചുവിട്ട് കേരളത്തില്‍ പ്രസിഡന്റ്ഭരണം ഏര്‍പ്പെടുത്തി. പിന്നാലെ വന്ന കോണ്‍ഗ്രസ്-പിഎസ്പി സര്‍ക്കാര്‍ നിയമത്തില്‍ വെളളം ചേര്‍ക്കുന്നതിനായി പുതിയ ഭേദഗതി കൊണ്ടുവന്നു. സുപ്രീം കോടതി ഇടപെടലിനും തടസ്സങ്ങള്‍ സൃഷ്ടിച്ചു. 1963 -ല്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നെങ്കിലും കര്‍ഷക താത്പര്യങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം.1967-ലെ ഇംഎംഎസിന്റെ നേതൃത്വത്തിലുളള സപ്തകക്ഷി സര്‍ക്കാര്‍ പ്രയോജനരഹിതമായ ഭൂപരിഷ്‌കരണ നിയമം സമഗ്രമായി അഴിച്ചുപണിഞ്ഞു. മൂല നിയമത്തില്‍ 32 വകുപ്പകള്‍ കൂട്ടിച്ചേര്‍ത്ത് കൊണ്ടുവന്ന നിയമം 1969 ഒക്ടോബര്‍ 17-ന് നിയമസഭ പാസാക്കി.
തുടര്‍ന്ന് 1970-ല്‍, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി അധികാരത്തിലേറിയ സിപിഐ മുഖ്യമന്ത്രി സി അച്യുതമേനോനാണ് ഭൂപരിഷ്‌കരണ നിയമം പ്രായോഗികമായി നടപ്പാക്കുന്നത്. 1970 ജനുവരി ഒന്നിന് കേരള ഭൂപരിഷ്‌കരണ നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ വന്നു. കേരളമാകെ അന്നത്തെ റവന്യൂമന്ത്രി കെടി ജേക്കബിന്റെ നേതൃത്വത്തില്‍ പട്ടയ മേളകള്‍ സംഘടിപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് കുടികിടപ്പുകാര്‍ക്കും കുടിയിരിപ്പുകര്‍ഷകനും കൈവശ കൃഷിക്കാരനും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖയായ പട്ടയ വിതരണം സര്‍ക്കാര്‍ നടത്തി.
പല ന്യൂനതകളും നിയമത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, കാര്‍ഷിക പരിഷ്‌കരണം മുമ്പോട്ടു കൊണ്ടുപോകുന്നതിനും കേരളത്തിലെ കൃഷിക്കാരുടെ ഐക്യബോധവും പ്രത്യാശയും വളര്‍ത്തുന്നതിലും ചരിത്ര പ്രധാനമായ പങ്കാണ് കേരള കാര്‍ഷികബന്ധ നിയമം നിര്‍വ്വഹിച്ചത്. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ, കേരളത്തിന്റെ സാമൂഹിക ഘടനയെ സമഗ്രമായി പൊളിച്ചടുക്കിയ ഭൂപരിഷ്‌കരണ നിയമം ആഢ്യത്തവും അധികാരവും സമ്മേളിച്ച ജന്‍ന്മിത്വമെന്ന നിഷ്ംൂര ഭാവത്തെ പടിയടച്ച് പിണ്ഡം വെച്ച മഹാവിപ്ലവമായിരുന്നു. നിരവധി ന്യൂനതകളുണ്ടെങ്കിലും ഭൂപരിഷ്‌കരണത്തിലൂടെ ജന്മി-കുടിയാന്‍ വ്യവസ്ഥയെ പൂര്‍ണമായി അവസാനിപ്പിക്കാനും കൃഷി ഭൂമി ഇടത്തരം കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും കഴിഞ്ഞു.